Site icon Janayugom Online

ഡോ. രാമചന്ദ്രൻ മൊകേരി കലയെ പ്രതിഷേധമാക്കിയ നാടക പ്രതിഭ

Ramachandran

ഒരു ഉന്തുവണ്ടിയിൽ പച്ചമാംസവും നിറച്ചുകൊണ്ട് കഥാപാത്രം തെരുവിലെത്തിയപ്പോൾ പൊലീസ് നാടകാവതരണം തടഞ്ഞു. പരസ്യമായി പച്ചയിറച്ചി പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ മനുഷ്യരെ പച്ചക്ക് തിന്നുന്ന കിരാത ഫാസിസ്റ്റ് ഭരണകൂട നയങ്ങളെ ഇങ്ങനെയല്ലാതെ എങ്ങിനെയാണ് ചിത്രീകരിക്കുകയെന്നതായിരുന്നു രാമചന്ദ്രൻ മൊകേരിയുടെ ചോദ്യം. ഫാസിസ്റ്റ് വാഴ്ചക്കെതിരെയുള്ള പോരാട്ടമായിരുന്നു രാമചന്ദ്രൻ മൊകേരിക്ക് നാടകം.
എതിർശബ്ദങ്ങളെ തച്ചൊതുക്കുന്ന കാലത്ത് തന്റെ നാടകങ്ങളിലൂടെ പ്രതിരോധം തീർക്കുകയായിരുന്നു രാമചന്ദ്രൻ മൊകേരി. തെരുവ് നാടകങ്ങളുടെയും സംഗീതത്തിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തി സാമൂഹ്യ അനീതികൾക്കെതിരെ അദ്ദേഹം അവസാന കാലം വരെ കലയിലൂടെ കലാപം തുടർന്നു. 

ജീവിതത്തിന്റെ നേരിട്ടുള്ള പ്രകാശന രീതിയാണ് നാടകത്തിനുള്ളത്. എല്ലാ അധികാര കേന്ദ്രങ്ങൾക്കും എതിരായിട്ടുള്ള ശബ്ദമോ ശരീരമോ ആണ് നാടകം. അത് നിരന്തരം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നാടകത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യാതെ സംവിധായകന്റെ വാക്കുകൾ അതേ പോലെ അനുസരിക്കുന്ന അഭിനേതാക്കൾക്കുള്ള പണിയല്ല നാടകം എന്ന് അദ്ദേഹം വിശ്വസിച്ചു. കാഴ്ചക്കാരായി ഇരിക്കാതെ കാണികൾ നാടകത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ജാതി വ്യവസ്ഥയുടെ ക്രൂരതയിൽ യാതനകളനുഭവിക്കുന്ന മനുഷ്യരുടെ ശബ്ദമായിരുന്നു രാമചന്ദ്രൻ മൊകേരി. തെരുവുകളിൽ അദ്ദേഹം രോഹിത് വെമുലയെക്കുറിച്ച് പാടി. രാജ്യത്തെ ദലിത് സമൂഹത്തിന്റെ ദുരിതം നിറഞ്ഞ ജീവിതാവസ്ഥകൾ തുറന്നുകാണിച്ചു. 

മാക്ബെത്ത് എന്ന നാടകം അവതരിപ്പിക്കുന്ന കാലം. ഹിറ്റ്ലറുടെ നാസി സ്വസ്തിക് ചിഹ്നം തൂക്കിയിട്ട് സമകാലിക ഇന്ത്യയുടെ ഭീകരാവസ്ഥയും ഇഴചേർത്തായിരുന്നു ഒരു മണിക്കൂർ ദൈർഘ്യമുള്ള ആ രാഷ്ട്രീയ സോളോ നാടകം. ഒറ്റയ്ക്കുള്ള നാടകാവതരണങ്ങളിലെ ഏകാന്തത പലപ്പോഴും പ്രേക്ഷകരിലൂടെയാണ് മറികടന്നിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പ്രദായിക നാടകാവതരണ രീതികളെയും ചിട്ടവട്ടങ്ങളെയും ഉപേക്ഷിച്ച് ഡോ. രാമചന്ദ്രൻ മൊകേരിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഞാൻ സഫ്ദർ ഹഷ്മി ശ്രദ്ധേയമായിരുന്നു. ജോൺ എബ്രഹാമിന്റെ പ്രശസ്ത നാടകം നായ്ക്കളിയുടെ അവതരണത്തിൽ സമകാലിക വിഷയങ്ങളും സഫ്ദർ ഹഷ്മിയുടെ രക്തസാക്ഷിത്വം എന്നിവ കൂട്ടിച്ചേർത്തായിരുന്നു ഇതിന്റെ സാക്ഷാത്ക്കാരം. ഇബ്സന്റെ ഭൂതങ്ങൾ, ദാരിയോ ഫോയുടെ അരാജകവാദിയുടെ അപകട മരണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സംവിധാന സംരംഭമായിരുന്നു.
എഴുപതുകളിലും എൺപതുകളിലും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സാംസ്ക്കാരിക മുന്നേറ്റങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു രാമചന്ദ്രൻ മൊകേരി. ഗുരുവായൂരപ്പൻ കോളെജിൽ അധ്യാപകനായിരിക്കെ സാംസ്ക്കാരിക വേദി നടത്തിയ ജനകീയ വിചാരണയിലും തീവ്ര വിപ്ലവ മുന്നേറ്റങ്ങളിലും ഇടപെട്ട് അദ്ദേഹം ജയിൽവാസവും അനുഭവിച്ചു. സ്പാർട്ടക്കസ് ഉൾപ്പെടെ പല നാടകങ്ങളും പലയിടത്തും കളിക്കാൻ അനുവദിക്കപ്പെട്ടില്ല. 

Exit mobile version