Site iconSite icon Janayugom Online

ഡോ. വന്ദന ദാസ് കൊലപാതക കേസ്; വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും മാനസിക നിലയിൽ തകരാറില്ല എന്നാണ് റിപ്പോർട്ട് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേസിന്റെ വിചാരണ നടപടികൾ ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങുന്നത്. 131 സാക്ഷികൾ കേസിൽ ഉള്ളത്. ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് ഇന്ന് ആരംഭിക്കുന്നത്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ 2023 മെയ് 10നാണ് ഡോ വന്ദനദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് ദാസ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കാലിൽ മുറിവേറ്റ നിലയിൽ മദ്യലഹരിയിൽ കണ്ടെത്തിയ സന്ദീപിനെ വൈദ്യപരിശോധനയ്ക്കായാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്. കൈവിലങ്ങ് വെച്ചിരുന്നില്ല. ആശുപത്രിയിലെത്തിച്ച സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും ഡ്രസിങ് റൂമിലുണ്ടായിരുന്ന ജീവനക്കാരനെയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് ഡോ വന്ദനയെ കുത്തുകയായിരുന്നു. കഴുത്തിലും മുതുകിലും അടക്കം ആറോളം കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട വന്ദന രാവിലെ ഒൻപത് മണിയോടെയാണ് മരിച്ചത്.

Exit mobile version