രാമായണത്തെ അടിസ്ഥാനമാക്കി നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തുക പിഴ ചുമത്തി ഐഐടി ബോംബെ. ഹിന്ദു മതത്തെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു നടപടി. മാര്‍ച്ചില്‍ നടന്ന പെര്‍ഫോമിങ് ആര്‍ട്സ് ഫെസ്റ്റിവലില്‍ രാഹോവന്‍ എന്ന നാടകം അവതരിപ്പിച്ച എട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. നാലു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസിന് തുല്യമായ 1.2 ലക്ഷം രൂപയും മറ്റ് നാലുപേര്‍ക്ക് 40,000 രൂപ വീതവുമാണ് പിഴ.
ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാര്‍ഡുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ ആരോപണ വിധേയരായ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാവുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. മാർച്ച് 31 ന് ഐഐടി ബോംബെയിലെ ഓപ്പൺ എയർ തിയേറ്ററിലാണ് നാടകം അരങ്ങേറിയത്. ഫെമിനിസത്തെ പ്രോത്സാഹിക്കുന്ന തരത്തില്‍ രാമായണ കഥാപാത്രങ്ങളുടെ പേരുകളും കഥാ സന്ദര്‍ഭവും മാറ്റി ഹിന്ദു സംസ്കാരത്തെ അവഹേളിക്കുന്ന രീതിയിലാണ് നാടകം അവതരിപ്പിച്ചതെന്ന് പരാതിക്കാര്‍ ആരോപിച്ചു.
ഐഐടി ബി ഫോര്‍ ഭാരത് എന്ന സംഘ്പരിവാര്‍ അനുകൂല സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ നിന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. പിന്നീട് ഇതേറ്റെടുത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
അതേസമയം ആദിവാസി സമൂഹത്തിലെ സ്ത്രീവിമോചനവാദത്തെ പിന്തുണയ്ക്കുന്നതാണ് നാടകമെന്നും എല്ലാവരില്‍ നിന്നും ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
English Summary:Drama based on Ramayana; 1.20 lakh fine for IIT students
You may also like this video