തമിഴ്നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി തയ്യാറായില്ല.
നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പല ഭാഗങ്ങളും വസ്തുതാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും പ്രസംഗം അവസാനിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ രവി പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന തന്റെ അഭ്യര്‍ത്ഥന അംഗീകരിക്കപ്പെട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
തുടര്‍ന്ന് പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ നിയമസഭയിലെ ഇരിപ്പിടത്തില്‍ ഇരുന്നു. ഏതാണ്ട് മൂന്നു മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ പ്രസംഗിച്ചത്. എംഎല്‍എമാര്‍ അമ്പരന്നു നില്‍ക്കെ, ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ നിയമസഭയില്‍ നയപ്രഖ്യാപനം വായിച്ചു. തമിഴിലാണ് സ്പീക്കര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചത്. പല നിയമസഭകളിലും നയപ്രഖ്യാപന പ്രസംഗത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഗവർണർ നയപ്രഖ്യാപനത്തിലെ ഏതാനും ഭാഗങ്ങള്‍ വായിക്കാതെ ഒഴിവാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗവർണർ വായിക്കാതിരുന്ന നയപ്രഖ്യാപനപ്രസംഗം അദ്ദേഹത്തെ സാക്ഷിയാക്കി സ്പീക്കർ വായിക്കുന്നത് ആദ്യമായാണ്. കേരളത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം വായിക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു.
കോമാളിയായ ഗവര്‍ണര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യനായെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ രാഷ്ട്രപതി വായിക്കുന്ന നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത് രാഷ്ട്രപതിയല്ല. സര്‍ക്കാര്‍ കാബിനറ്റാണ് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത്. രാഷ്ട്രപതി അതു വായിക്കുകയാണ് ചെയ്യുന്നതെന്ന് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി നിയമസഭയില്‍ നയപ്രഖ്യാപനത്തിന് മുമ്പായി തമിഴ് ഗാനമാണ് ആദ്യം ആലപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
English Summary:Drama in Tamil Nadu Legislative Assembly; The Governor did not read the policy announcement, the Speaker finished his speech
You may also like this video