കോവിഡ് കാലത്തിന് ശേഷമുള്ള പ്രൊഫഷണൽ നാടക ചരിത്രത്തിൽ
ദീപ്ത ശോഭയായി നില്‍ക്കുന്ന നാടകമാണ് ‘രണ്ട് നക്ഷത്രങ്ങൾ.’ വള്ളുവനാട് ബ്രഹ്മയാണ് രണ്ട് നക്ഷത്രങ്ങൾ അരങ്ങിലെത്തിച്ചത്. സാധാരണ പ്രൊഫഷണൽ നാടകമല്ല രണ്ട് നക്ഷത്രങ്ങൾ ഒരു പരീക്ഷണ നാടകം എന്ന് തന്നെ വിളിച്ചാലും അതിശയോക്തിയില്ല.
പ്രധാനമായും രണ്ട് കഥാപാത്രങ്ങൾ (മത്തായി മഞ്ഞുരാനും സത്യപാലനും). മറ്റ് മൂന്ന് കഥാപാത്രങ്ങൾ; സിനി, ജിന്റോ, പൗളി ഇവർ ഏതാനും നിമിഷം വന്നു പോകുന്നു എന്ന് മാത്രം. ഒരു കാലത്ത് നാടകങ്ങളുടെ പ്രധാന ദൗത്യം സാമൂഹ്യ പരിഷ്കരണമായിരുന്നു എങ്കിൽ ഇപ്പോൾ മാനസിക സംസ്കരണത്തിലൂടെയാണ് നാടകം കടന്നുപോകുന്നത്. അങ്ങനെയുള്ള നാടകങ്ങൾക്കാണ് അസ്തിത്വവും.
ഹേമന്ദ് കുമാർ രചിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത രണ്ട് നക്ഷത്രങ്ങൾ വ്യത്യസ്തമായ ആസ്വാദന തലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. രണ്ടര മണിക്കൂറുള്ള ഈ നാടകത്തിലെ ഓരോ വാക്കുകളും നിങ്ങളുടെ ഹൃദയത്തോടാണ് സംവദിക്കുന്നത്. അതുകൊണ്ട് തന്നെ ‘വല്ലാത്തൊരു നാടകം’ എന്ന് ഒറ്റവാക്കിൽ പറയാം. മൂന്ന് മിനിട്ട് കഴിയുമ്പോൾ ഒരാളെ കേട്ടിരിക്കാൻ വിരസതയുണ്ടാക്കുന്ന ആധുനിക കാലത്താണ് രണ്ടര മണിക്കൂറോളം രണ്ട് പേർ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതെന്ന് ഓർക്കണം.
മാഞ്ഞാലി മത്തായി അല്പം പെരിശനായ മൂപ്പിന്നാണ്. വയസ്സ് 82 മധ്യതിരുവിതാംകൂറിലെ ആഢ്യത്തമുള്ള മാഞ്ഞാലിക്കുടുംബത്തിന്റെ കാർണോരാണ് മത്തായി. കരുത്തൻ, പിശുക്കൻ പൂത്ത കാശുള്ളോൻ. സത്യപ്രതാപൻ. കോവിഡ് ഞെരിച്ചുടച്ച ജീവിത സാഹചര്യങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി. അയാളുടെ പ്രശ്നങ്ങൾ ലോകത്തെ എല്ലാ സാധാരണക്കാരന്റെയും പ്രശ്നങ്ങളാണ്. മധ്യവർഗത്തിന്റെയും പ്രശ്നങ്ങളാണ്. തന്റെ നിവൃത്തികേട് കൊണ്ട് അയാൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരു ജോലി (മോഷണം) തിരഞ്ഞെടുക്കുന്നു അല്ലെങ്കിൽ അത് തിരഞ്ഞെടുക്കാൻ നിർബന്ധിതനായി. ഇവർ തമ്മിലുള്ളവർത്തമാനങ്ങൾ ലോകത്തെ മുഴുവൻ മനുഷ്യരുടെയും പ്രശ്നങ്ങളാണ്. പണം ഉള്ളവന്റെയും/ഇല്ലാത്തവന്റെയും, രോഗം ഉള്ളവന്റെയും / ഇല്ലാത്തവന്റെയും… ഒക്കെ പ്രശ്നങ്ങളാണ്.
ഇവരുടെ രണ്ടര മണിക്കൂർ വർത്തമാനങ്ങൾ. ഒട്ടും മുഷിപ്പില്ലാതെ നിങ്ങളെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയുന്നു. ഹ്യൂമർ ഇത്ര മനോഹരമായി അടയാളപ്പെടുത്തിയ ഒരു നാടകവും ഇതുപോലെ ഇല്ലന്ന് തന്നെ പറയാം. ഒരു വരി പോലും എഡിറ്റ് ചെയ്യപ്പെടേണ്ടാത്ത ഒരു സീൻ പോലും വെട്ടി കുറയ്ക്കണ്ടാത്ത നാടകം.
സത്യപ്രതാപൻ: “പിന്നെയിപ്പോ ചില അല്പൻമാരുടെ ഒരേർപ്പാട്ടുണ്ട് കേട്ടോ വീട്ടിൽ നല്ല മുന്തിയ സ്രാവും, ഞണ്ടും, കൊഞ്ചും, കോഴിയുമൊക്കെ കറി വെച്ച് ഒടനേ ഫോട്ടോയെടുത്ത് ഫെയിസ്ബുക്കിലിടാ… ഇന്നത്തെ ഞങ്ങളുടെ സ്പെഷ്യൽന്ന് പറഞ്ഞ്…
ഇതൊന്നുമില്ലാത്ത നമ്മടെ മക്കള് ഇതൊക്കെ ഇങ്ങനെ നോക്കിയിരിക്കും. വെള്ളമിറക്കണം. ഉള്ളവരെന്ത് വേണേലുമുണ്ടാക്കിക്കോട്ടെ. പക്ഷേ, അത് നക്കിയാൽ പോരെ… ഇങ്ങനെ നാട്ടുകാരെ കാണിക്കണോ?”
മത്തായി:
“പിന്നെയൊരു കുഴപ്പമെന്താന്ന് വെച്ചാൽ. . ദൈവത്തോടിങ്ങനെയടുക്കും തോറും ഭൂമിയിൽ നിന്ന് നമ്മൾ വല്ലാണ്ട് അകലത്തിലായിപ്പോവും. ദൈവമേ, കാണു… ചറ്റുമുള്ളവർ കാണില്ല.
ആർക്കും അടുക്കാൻ വലിയ തൃപ്തി കാണത്തില്ല. വല്ലാതങ്ങ് ഒറ്റപ്പെട്ട് പോകുമെടാ ഉവ്വേ…”
പരസഹായമില്ലാതെ ഒന്നിനും മേലാത്ത വയസ്സാം കാലത്ത് അമ്മയുണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ച് പോകുമെടാ. പക്ഷേ കിട്ടുല്ലല്ലോ…
82കാരൻ മത്തായിയായി മധ്യ വയസുള്ള ജോൺസൻ വയനാടും സത്യപ്രതാപനായി
കഴിഞ്ഞ വർഷത്തെ സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ
ബിജു ദയാനന്ദനും പ്രേക്ഷകമനസിലേക്ക് ആഴ്ന്നിറങ്ങുകയാണ്. കൂടാതെ സിനി, പൗളി (രണ്ട് വേഷവും മരിയ പ്രിൻസ് ) ജിന്റോ (പ്രിൻസ് ) തുടങ്ങിയ വന്ന് പോകുന്ന കഥാപാത്രങ്ങളും രണ്ട് നക്ഷത്രങ്ങളിലുണ്ട്.
“എന്റെ തന്നെ എഴുത്തിന്റെ നവീകരണമായിരുന്നു രണ്ട് നക്ഷത്രങ്ങൾ. കോവിഡ് കാലത്തിന് ശേഷമുള്ള നാടകം എന്ന നിലയിൽ കോവിഡ് കാലത്ത് ഞാൻ തന്നെ അനുഭവിച്ച എന്റെ സുഹൃത്തുക്കൾ അനുഭവിച്ച ചില തിക്ക് മുട്ടലുകളാണ് രണ്ട് നക്ഷത്രങ്ങളിലൂടെ പറയാനുദ്ദേശിച്ചത്.
ഒരർത്ഥത്തിൽ സാധാരണക്കാരന്റെ സാമ്പത്തിക ശാസ്ത്രം. രംഗത്ത് രണ്ട് കഥാപാത്രങ്ങൾ, അവരുടെ സംഭാഷണങ്ങൾ. അതും രണ്ടര മണിക്കൂർ പിടിച്ചിരുത്തുക ഒരു പരീക്ഷണം തന്നെയായിരുന്നു. അത് പ്രേക്ഷകർ ഏറ്റെടുത്തത് ഏറെ സന്തോഷം നൽകുന്നു.”