Site iconSite icon Janayugom Online

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ ദ്രാവിഡ് തുടരില്ല: പുതിയ പരിശീലകനെ തേടുന്നു

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ബിസിസിഐ. രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ബിസിസിഐയുടെ നീക്കം. പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. 2021 നവംബറില്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം നീട്ടിനല്‍കുകയായിരുന്നു. 2024 ടി20 ലോകകപ്പ് വരെയാണിത്. ടി20 ലോകകപ്പോടെ ദ്രാവിഡുമായി നിലവിലുള്ള കരാര്‍ അവസാനിക്കും. 

പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും ജയ് ഷാ പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിനു വീണ്ടും അപേക്ഷ നൽകാമെന്നും, എന്നാൽ നേരിട്ട് കരാർ പുതുക്കുന്നതിനു താല്പര്യമില്ലെന്നും ജയ് ഷാ പ്രതികരിച്ചു. ‘രാഹുൽ ദ്രാവിഡിനു ജൂൺ വരെയാണ് കാലാവധിയുള്ളത്. താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് വീണ്ടും അപേക്ഷ സമർപ്പിക്കാനുള്ള അവകാശമുണ്ട്. വിദേശ പരിശീലകൻ വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയുടെ ഉപദേശക സമിതിയാണ്. കോച്ചിങ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.’-ഷാ പറഞ്ഞു.

Eng­lish Summary:Dravid not to stay in Indi­an men’s crick­et team: Search for new coach
You may also like this video

Exit mobile version