Site iconSite icon Janayugom Online

ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്തുന്നു

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ഐപിഎല്‍ ഫ്രഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായെത്തുന്നു. ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിനുശേഷം ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പു­തിയ ദൗത്യവുമായി ദ്രാവിഡ് എ­ത്തുന്നത്. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാര റോയല്‍സിന്റെ ടീം ഡയറക്ടറായി തുടരും. 

ദ്രാവിഡ് മുന്‍ രാജസ്ഥാന്‍ താരവും ഉപദേശകനുമായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസണുമായി അദ്ദേഹം വീണ്ടും ഒന്നിക്കും എന്ന പ്രത്യേകതയും ഈ നീക്കത്തിന് ഉണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 40 മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച ദ്രാവിഡ് 23 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. 57.50 ആണ് ക്യാപ്റ്റന്റെ റോളില്‍ രാജസ്ഥാനൊപ്പമുള്ള താരത്തിന്റെ വിജയശതമാനം. ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ ദ്രാവിഡിന് കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പരിശീലകന്റെ റോളില്‍ ഇന്ത്യയെ വിശ്വവിജയികളാക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുപോലെ ക്യാപ്റ്റന്റെ റോളില്‍ ചെയ്യാന്‍ സാധിക്കാത്തത് പരിശീലകന്റെ റോളില്‍ ചെയ്തുകാട്ടാന്‍ തന്നെയാണ് സൂപ്പര്‍ താരം തന്റെ പഴയ ഫ്രാഞ്ചൈസിയിലേക്കെത്തുന്നത്. 2014, 2015 സീസണുകളിലാണ് ദ്രാവിഡ് രാജസ്ഥാന്റെ ഡയറക്ടറായും മെന്ററുമായത്. ഈ കാലഘട്ടത്തിലാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെ താരമായത്. 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയ ദ്രാവിഡ് 2019 മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാവുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു.

Exit mobile version