മദ്യപാനത്തിനിടയിലെ സംഘർഷത്തിൽ അക്വേറിയത്തിൽ വീണ് പരിക്കേറ്റയാൾ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. തോണ്ടൻകുളങ്ങര കിളയാംപറമ്പ് വീട്ടിൽ കബീറാണ് (52) ശനിയാഴ്ച മരിച്ചത്. സംഭവത്തിൽ അവലൂക്കുന്നു കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10-ാം വാർഡ് മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച വൈകീട്ട് അഞ്ചിനാണു സംഭവം. കബീർ വീട്ടിൽ തനിച്ചാണു താമസം. അന്ന് മൂവരുംചേർന്ന് കബീറിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയും ചെയ്തു. ബൈക്ക് കുഞ്ഞുമോനു വിൽക്കാനായി കബീർ മുൻപ് 2,000 രൂപ വാങ്ങിയിരുന്നു. എന്നാൽ, കബീർ വണ്ടി മറ്റൊരാൾക്കു നൽകി.
മദ്യപിക്കുന്നതിനിടയിൽ ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും കുഞ്ഞുമോൻ കബീറിനെ തള്ളുകയും ചെയ്തു. സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശമടിച്ചുവീണ് ആഴത്തിലുള്ള മുറിവുണ്ടായി. തുടർന്ന്, കബീർ ചോരവാർന്നു കിടക്കുന്നതായി ഇരുവരും പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നിർദേശിച്ച പ്രകാരം ഇരുവരും ചേർന്ന് കബീറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നല്‍കുകയും ചെയ്തു. തിങ്കളാഴ്ച തുടരന്വേഷണത്തിനു പോലീസെത്തിയപ്പോൾ നാട്ടുകാരിൽ ചിലർ കൊലപാതകമെണെന്നു മൊഴി നൽകി. തുടർന്ന്, നോർത്ത് ഇൻസ്പെക്ടർ സജികുമാറിന്റെ നേതൃത്വത്തിൽ കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ചോദ്യംചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.