Site iconSite icon Janayugom Online

മലിനജലം കലർന്ന കുടിവെള്ളം വിതരണം ചെയ്തു; ഇൻഡോറിൽ എട്ടുപേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനമായ പൈപ്പ് വെള്ളം കുടിച്ച് എട്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. കുടിവെള്ളത്തില്‍ രാസപദാര്‍ത്ഥം കലര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍മ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം കാരണം മരിക്കുകയായിരുന്നു.
നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും മോശം മണവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു. പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഐഎംസി) ടാങ്കറുകള്‍ വഴി പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യാന്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപത്തുള്ള 200 ലധികം സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് മുനിസിപ്പൽ കോർപ്പറേഷന്റെ ഒരു സോണൽ ഓഫീസറേയും ഒരു അസിസ്റ്റന്റ് എന്‍ജിനീയറേയും സസ്പെൻഡ് ചെയ്തു. ഒരു എന്‍ജിനീയറെ പിരിച്ചു വിടുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോറിൽ ഉണ്ടായ ഈ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version