കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മാന്നാർ കുരട്ടിക്കാട് എട്ടാം വാർഡിൽ ശ്രീ ഭുവനേശ്വരി സ്കൂളിന് സമീപത്തുള്ള റോഡരുകിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളക്കെട്ട് നിറഞ്ഞിരിക്കുന്നത്. നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷകർത്താക്കൾക്കും കടന്നുപോകുന്ന റോഡിലെ വെള്ളക്കെട്ട് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന സ്ഥലത്ത് മണ്ണ് ഇളകിയിരിക്കുന്നത് കാരണം കാൽനടയാത്രയും വാഹന പാർക്കിംഗും ഏറെ ബുദ്ധിമുട്ടിലാണ്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം പല തവണ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വാർഡ് മെമ്പറും മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ വത്സല ബാലകൃഷ്ണൻ പറഞ്ഞു. എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വെള്ളക്കെട്ട്; ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല

