Site iconSite icon Janayugom Online

ഇൻഡോറിൽ വീണ്ടും കുടിവെള്ള വിഷബാധ; മലിനജലം കുടിച്ച 22 പേർ ചികിത്സയിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ചതിനെ തുടർന്ന് 22 പേർ ചികിത്സയിൽ. ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ വിതരണം ചെയ്‍ത മലിനമായ കുടിവെള്ളം കുടിച്ച് 23 പേർ മരിക്കുകയും നിരവധി പേർ ജലജന്യ രോഗങ്ങൾ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതിന് ഏതാനും ആഴ്ചകൾക്കുശേഷമാണ് പുതിയ സംഭവം.

മൊഹോ പ്രദേശത്തു നിന്നാണ് ഏറ്റവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ 22 താമസക്കാരാണ് മലിനമായ കുടിവെള്ളം കുടിച്ചതിനെ തുടർന്ന് അസുഖം ബാധിച്ചതായി പരാതിപ്പെട്ടത്. ഇവരിൽ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള രോഗികൾ ആരോ​ഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ വീട്ടിൽ ചികിത്സയിലാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി വൈകിയാണ് ഭരണകൂടം നടപടി സ്വീകരിച്ചത്. ജില്ലാ കളക്ടർ ശിവം വർമ്മ ആശുപത്രി സന്ദർശിച്ചു. ആരോഗ്യ സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചു. വെള്ളി രാവിലെ മുതൽ ആരോഗ്യവകുപ്പ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അടിയന്തര വൈദ്യസഹായം നൽകുകയും ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, ശനിയാഴ്ച രാവിലെ മുതൽ പ്രാദേശിക ഭരണകൂടം രോ​ഗബാധിത പ്രദേശങ്ങളിൽ സർവേ ആരംഭിച്ചു. മലിനമായ കുടിവെള്ളം കുടിച്ച് ഇതുവരെ 25 പേരാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇൻഡോറിൽ മലിനജലം മൂലം മരണം തുടരുന്നതിൽ മധ്യപ്രദേശ് ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Exit mobile version