Site iconSite icon Janayugom Online

ബാംഗ്ലൂരിൽ കുടിവെള്ളം കിട്ടാക്കനി ; അനാവശ്യ ഉപയോഗങ്ങൾക്ക് പിഴയീടാക്കുമെന്ന് വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്

വേനൽക്കാലം അടുക്കുകയും ഭൂഗർഭജലനിരപ്പ് കുറയുകയും ചെയ്തതോടെ ബാംഗ്ലൂരിൽ കുടിവെള്ളം കിട്ടാക്കനി. അനാവശ്യ ഉപയോഗങ്ങൾക്ക് പിഴയീടാക്കുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിന് കർശന
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ കഴുകുന്നതിനും, പൂന്തോട്ടപരിപാലനത്തിനും, നിർമ്മാണ പ്രവർത്തനങ്ങൾക്കും, അലങ്കാര ജലധാരകൾക്കും, റോഡ് വൃത്തിയാക്കലിനും, മറ്റ് കുടിവെള്ളേതര ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ബി ഡബ്ല്യു എസ് എസ് ബി ചെയർമാൻ
ഡോ.രാം പ്രസാത് മനോഹർ ഉത്തരവ് പുറപ്പെടുവിച്ചു.

നിയമലംഘനം നടത്തുന്നവർക്ക് 5,000 രൂപ പിഴയും, ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് അധിക പിഴയും ചുമത്തും. കൂടാതെ, തുടർച്ചയായി ഉത്തരവ് പാലിക്കാത്ത ഓരോ ദിവസവും 500 രൂപ വീതം പിഴ ഈടാക്കും. നഗരത്തിലെ ജലപ്രതിസന്ധി പരിഹരിക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ
പറയുന്നു. ഭൂഗർഭജലനിരപ്പ് കുറയുന്നതും മഴയുടെ അഭാവവും കാരണം വരും മാസങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.

Exit mobile version