കൊൽക്കത്തയിലെ താക്കൂർപുകുർ ബസാറിൽ പ്രമുഖ ബംഗാളി ടി വി ഡയറക്ടർ സിദ്ധാന്ത ദാസ് ഓടിച്ച കാര്‍ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. അപകടസമയത്ത് ദാസിനൊപ്പം ചാനൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശ്രിയ ബസുവും ഉണ്ടായിരുന്നുവെന്നും ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നുമാണ് ആരോപണം. മരിച്ച അമിനുർ റഹ്മാൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ തൂപ്പുകാരനും പ്രാദേശിക സി പി ഐ എം പ്രവർത്തകനുമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കൊൽക്കത്ത പൊലീസ് ദാസിനെ കസ്റ്റഡിയിലെടുത്തുട്ടുണ്ട്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മദ്യലഹരിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; പ്രമുഖ ബംഗാളി ടി വി ഡയറക്ടർ അറസ്റ്റില്‍

