Site icon Janayugom Online

ഡ്രൈവിങ് ലൈസൻസ് ഇനി സ്മാർട്

നിരവധി തടസങ്ങളെയും നിയമകുരുക്കുകളെയും മറികടന്ന് ഡ്രൈവിങ് ലൈസൻസുകൾ സ്മാർട് കാർഡിലേക്ക് മാറുന്നു.
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് ഇനി മുതൽ വിതരണം ചെയ്യുന്നത്. സ്മാർട് കാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (മോർത്ത്) മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. സീരിയൽ നമ്പർ, യുവി മുദ്രകൾ, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യുആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് പുതിയ ഡ്രൈവിങ് ലൈസൻസിലുള്ളത്.

സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ പുതിയ ലൈസന്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തിരുന്നു. കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ ഓഫീസുകളിലാണ് പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്തത്. വിദേശങ്ങളിലടക്കം ജോലി ചെയ്യുന്ന മലയാളികൾ നിലവാരമില്ലാത്ത കാർഡുകൾ മൂലം ബുദ്ധിമുട്ടിയിരുന്നു. ഇതോടെ ഇത്തരം കാര്യങ്ങളിലുണ്ടായിരുന്ന ബുദ്ധിമുട്ടുകൾക്ക് ശമനമുണ്ടാകും. മോട്ടോർ വാഹനവകുപ്പ് വെബ്സൈറ്റിലെ റീപ്ലേസ്‌മെന്റ് ഓഫ് ലൈസൻസ് എന്ന ഓപ്ഷനിൽ അപേക്ഷിച്ച് നിലവിലുള്ള ലൈസൻസ് സ്മാർട് കാർഡിലേക്ക് മാറ്റാനുള്ള സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സ്മാർട് കാർഡിലേക്ക് മാറിയെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നത് നിയമകുരുക്കുകളിൽ പെട്ട് നീണ്ടുപോകുകയായിരുന്നു. 2006ൽ ചിപ്പ് ഘടിപ്പിച്ച കാർഡുകൾ വിതരണം ചെയ്യാൻ വകുപ്പ് തീരുമാനിച്ചെങ്കിലും താത്പര്യപത്രം നൽകിയ റോസ്മൊർട്ട കമ്പനി സ്റ്റേ വാങ്ങി. പൊതുമേഖലാ സ്ഥാപനമായ ബംഗളൂരു ഐടിഐയുമായി സർക്കാർ ചർച്ച നടത്തിയതിനെ തുടർന്നാണ് നടപടികൾക്ക് തടസമായത്.

എന്നാൽ ഫെബ്രുവരി 15ന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ ലൈസന്‍സ് വിതരണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയതിനെ തുടർന്നാണ് സ്മാർട് കാർഡുകൾ വിതരണം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചത്. നേരത്തെയുള്ള തീരുമാനത്തിന് വിഭിന്നമായി പുതിയ ലൈസന്‍സില്‍ മൈക്രോ ചിപ്പ് ഒഴിവാക്കിയിട്ടുണ്ട്. ചിപ്പ് കാര്‍ഡുകളുണ്ടെങ്കില്‍ റീഡര്‍ ഉപയോഗിച്ച് ഉടമയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പല സംസ്ഥാനങ്ങളും ഇത് നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Dri­ving licens­es are chang­ing to smart cards
You may also like this video

Exit mobile version