സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കുളുകളിൽ മോട്ടോർവാഹന വകുപ്പ് ഡിജിറ്റലൈസേഷൻ കൊണ്ടുവരുന്നു. പ്രവർത്തന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. ഒരുവർഷത്തിനകം നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡ്രൈവിങ് സ്കൂളുകളിൽ നടക്കുന്ന തെറ്റായ പ്രവണതകൾ ഒഴിവാക്കി പരിശീലനം അടക്കമുള്ളവ സുതാര്യമാക്കാനാണ് മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കടന്നത്. സംസ്ഥാനത്ത് ചെറുതും വലുതുമായി അയ്യായിരത്തോളം ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും സർക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
റോഡപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മോട്ടോർവാഹനവകുപ്പ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. ബോധവൽക്കരണവും പിഴയും ഈടാക്കുന്നുണ്ടെങ്കിലും അപകടനിരക്ക് കാര്യമായി കുറയുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മോട്ടോർവാഹനവകുപ്പ് ഡ്രൈവിങ് സ്കൂളുകളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പരിശോധനകളും നടത്തി. ലൈസൻസ് ടെസ്റ്റ് എങ്ങനെ എളുപ്പത്തിൽ വിജയിക്കാമെന്നതിനെക്കുറിച്ചുള്ള പരിശീലനം മാത്രമാണ് ഇവിടങ്ങളില്‍ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായി.
ഡ്രൈവിങ്ങിന്റെ സങ്കീർണതകളും ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്നതായും ബോധ്യപ്പെട്ടു.
പരിശീലനത്തിനും ലൈസൻസ് ടെസ്റ്റുകൾക്കും പാലിക്കേണ്ട കർശനമായ ചില നിയമങ്ങൾ കേന്ദ്ര സർക്കാർ ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. അതെല്ലാം ചില ഡ്രൈവിങ് സ്കുളുകൾ നടത്തിപ്പുകാർ അട്ടിമറിക്കുകയാണ്. ഡ്രൈവിങ് സ്കുളുകൾ പ്രവർത്തിക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കുന്ന മാനുവലും നിലവിലുണ്ട്. ഡ്രൈവിങ് ടെസ്റ്റിൽ വിജയിക്കണമെങ്കിൽ കുറഞ്ഞത് 29 മണിക്കൂർ ക്ലാസ് വേണമെന്നാണ് നിയമങ്ങൾ സൂചിപ്പിക്കുന്നത്.
ഡിജിറ്റലൈസേഷൻ പൂർണമാകുന്നതോടെ റോഡപകടങ്ങള്‍ ഇനിയും കുറയ്ക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
English Summary; Driving practice is changing drastically
You may also like this video