Site iconSite icon Janayugom Online

പലായനം ചെയ്തവർക്ക് നേരെ അർദ്ധസൈനികരുടെ ഡ്രോൺ ആക്രമണം; സുഡാനിൽ കുട്ടികളടക്കം 24 മരണം

മധ്യ സുഡാനിൽ അർദ്ധസൈനിക സംഘത്തിന്റെ ഡ്രോൺ ആക്രമണം. കുട്ടികളടക്കം 24 പേരാണ് കൊല്ലപ്പെട്ടത്. കുടിയിറക്കപ്പെട്ട കുടുംബങ്ങളുമായി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഡ്രോൺ പതിക്കുകയായിരുന്നു. മരിച്ചവരിൽ എട്ട് കുട്ടികൾ ഉള്ളതായി ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. ലോക ഭക്ഷ്യ പദ്ധതി സഹായ സംഘത്തെ ലക്ഷ്യം വച്ചുള്ള സായുധ സേനയുടെ ആക്രമണത്തിന് ഒരു ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ഒരു ആക്രമണം ഉണ്ടാകുന്നത്. 

നോർത്ത് കോർഡോഫാൻ പ്രവിശ്യയിലെ റഹാദ് നഗരത്തിന് സമീപമാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ദുബൈക്കർ പ്രദേശത്ത് കലാപത്തിനിടെ പലായനം ചെയ്ത ആളുകളാണ് വാഹനത്തിലുണ്ടായിരുന്നത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ജനങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആക്രമണങ്ങൾക്ക് ആർ‌എസ്‌എഫ് (റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്) നേതൃത്വത്തെ ഉത്തരവാദിയാക്കണമെന്നും ഡോക്ടർമാരുടെ സംഘം ആവശ്യപ്പെട്ടു. മൂന്ന് വർഷമായി രാജ്യത്തിന്റെ നിയന്ത്രണത്തിനായി സുഡാൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുകയാണ് ആർ‌എസ്‌എഫ്. വിഷയത്തിൽ ആർഎസ്എഫ് അം​ഗങ്ങൾ പ്രതികരിച്ചിട്ടില്ല. 

2023 ഏപ്രിലാണ് സൈന്യവും ആർ‌എസ്‌എഫും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതിന് പിന്നാലെ സുഡാൻ അശാന്തിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു. 

Exit mobile version