Site iconSite icon Janayugom Online

സുഡാനില്‍ ഡ്രോണ്‍ ആക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു

drone attackdrone attack

വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തുമിന് സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സുഡാന്റെ നിയന്ത്രണത്തിനായി സൈന്യവും എതിരാളികളായ അർദ്ധസൈനിക ഗ്രൂപ്പും നടത്തിയ ഏറ്റുമുട്ടലിനിടെ പ്രദേശത്തെ മാർക്കറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിൽ 55ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൈന്യവുമായി പൊരുതുന്ന അർദ്ധസൈനിക സേന വൻതോതിൽ മേഖലയിൽ നിലവിലുള്ളതായി സുഡാൻ ഡോക്‌ടേഴ്‌സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

പരിക്കേറ്റവർ ബഷൈർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സൈന്യവും ജനറൽ മുഹമ്മദ് ഹംദാൻ ദഗലോയുടെ നേതൃത്വത്തിൽ വിമത ഗ്രൂപ്പും തമ്മിലുള്ള സംഘർഷം ഈ വർഷം ഏപ്രിൽ മുതൽ തുറന്ന പോരാട്ടത്തിലേക്ക് എത്തിച്ചേർന്നിരുന്നു. സൈനിക അട്ടിമറിയും വിമത ഗ്രൂപ്പുകളുടെ ആക്രമണവും കൊണ്ട് സുഡാനിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാണ്. സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്‍ എസ് എഫ് ആരോപിച്ചു. എന്നാല്‍ ജനങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. 

Eng­lish Sum­ma­ry: Drone attack in Sudan: 43 killed

You may also like this video

Exit mobile version