ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. എന്‍സിപി അജിത് പവാര്‍ പക്ഷം വീണ്ടും പിളര്‍പ്പിലേക്കെന്നാണ് സൂചനകള്‍. അജിത് പവാര്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ശരദ് പവാര്‍ പക്ഷത്തേക്ക് എത്തിയേക്കും. ശേഷിക്കുന്നവര്‍ ബിജെപി ക്യാമ്പിലേക്കും കൂടുമാറിയേക്കുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിലേഷ് ലാങ്കെ, ബജ് രംഗ് സോനാവാനെ എന്നിവര്‍ ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങിയെത്തിയിരുന്നു. ഇവര്‍ യഥാക്രമം അഹമ്മദ് നഗര്‍, ബീഡ് മണ്ഡലങ്ങളില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. ബാരാമതിയില്‍ മത്സരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര, ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയോട് പരാജയപ്പെട്ടിരുന്നു.
പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്ത അജിത് പവാര്‍ പക്ഷം ബിജെപിക്ക് ബാധ്യതയായി മാറിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അജിത് പവാര്‍ പക്ഷത്ത് തുടരുന്നത് രാഷ്ട്രീയഭാവിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് എംഎല്‍എമാര്‍. ഈ വര്‍ഷം ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി ശരദ് പവാര്‍— ശിവസേന ഉദ്ധവ് താക്കറെ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാ വികാസ് അഗാഡി സഖ്യം ആകെയുള്ള 48 സീറ്റില്‍ 30ലും വിജയിച്ചിരുന്നു. എന്‍സിപി ശരദ് പവാര്‍ പക്ഷം മത്സരിച്ച 10ല്‍ എട്ടു സീറ്റിലും വിജയിച്ചിരുന്നു. 19 എംഎല്‍എമാര്‍ കൂടി വരുന്നതോടെ, ഔദ്യോഗിക പാര്‍ട്ടി പദവിയും ചിഹ്നവും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ശരദ് പവാര്‍ പക്ഷത്തിന്റെ ആലോചന.
English Summary:Dropped Ajit Pawar; 19 MLAs to Sharad Pawar’s side
You may also like this video