Site iconSite icon Janayugom Online

കുട്ടികളുടെ മുങ്ങി മരണം; വേര്‍പാടില്‍ തേങ്ങി നാട്

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ കുളത്താട പരേതനായ വാഴപ്ലാംകുടി ബിനുവിന്റെ മകന്‍ അജിന്‍ ബിനു (15) കളപ്പുരയ്ക്കല്‍ ബിനീഷിന്റെ മകന്‍ ക്രിസ്റ്റി ബിനീഷ് (13) എന്നിവരുടെ വേര്‍പാടില്‍ തേങ്ങി നാട്. ബിനുവും ബിനീഷും അടുത്ത ബന്ധുക്കളായിരുന്നു. ഇന്നലെ വൈകുന്നേരം 4.30 ഓടെ അഞ്ചംഗ സംഘം വാളാട് പുലിക്കാട് ചെക്ക്ഡാമില്‍ എത്തിയപ്പോഴായിരുന്നു അപകടം. കുളിക്കുന്നതിനിടെ സംഘത്തിലെ ബിനുവും ബിനീഷും മുങ്ങി പോവുകയായിരുന്നു. കൂട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാരും വാളാട് റസ്‌ക്യൂ ടീമും സ്ഥലത്തെത്തി ഇരുവരെയും രക്ഷിച്ച് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുട്ടികളുടെ അപകട മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് വയനാട് മെഡിക്കല്‍ കോളജിലെത്തിയത്. അജിന്റെ പിതാവ് പരേതനായ വാഴപ്ലാംകുടി ബിനുവിന്റെ സഹോദരിയാണ് മരണപ്പെട്ട ക്രിസ്റ്റി ബിനീഷിന്റെ അമ്മ പ്രവീണ. അജിന്‍ കല്ലോടി സെന്റ് ജോസഫ് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. പിതാവ് ബിനു, പത്ത് മാസം മുമ്പാണ് ബൈക്കപകടത്തില്‍ മരണപ്പെട്ടത്. മാതാവ്: ചിഞ്ചു. സഹോദരന്‍: അലന്‍. ക്രിസ്റ്റി കണിയാരം ഫാ.ജികെഎം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് പ്രവീണ. സഹോദരി: ജിയോണ. അടുത്ത ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികള്‍ സുഹൃത്തുകളോടൊന്നിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞ് പുത്തൂര്‍ കാരുണ്യ റസ്‌ക്യൂ ടീം, വാളാട് റസ്‌ക്യു ടീം അംഗങ്ങളും നാട്ടുകാരുമെത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ ചൊവ്വാഴ്ച പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version