Site iconSite icon Janayugom Online

മയക്കുമരുന്ന് കേസ്; റാപ്പർ വിസ് ഖലീഫയ്ക്ക് ഒൻപത് മാസം തടവ്

പ്രശസ്ത റാപ്പർ വിസ് ഖലീഫയ്ക്ക് നിയമവിരുദ്ധമായി മയക്കുമരുന്ന് കൈവശം വച്ചതിന് റൊമാനിയയിൽ ഒൻപത് മാസം തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. കാമറൂൺ ജിബ്രിൽ തോമസ് എന്ന വിസ് ഖലീഫയെ ഒരു വർഷം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് റാപ്പറിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2024 ജൂലൈയിൽ ആണ് കേസിന് ആസ്പദമായ സംഭവം. റൊമാനിയയിലെ ‘ബീച്ച്, പ്ലീസ് !’ ഫെസ്റ്റിവലിനിടെയാണ് കഞ്ചാവ് കൈവശം വച്ചതിന് വിസ് ഖലീഫ അറസ്റ്റിലാകുന്നത്. 18 ഗ്രാം കഞ്ചാവ് ആണ് റാപ്പറുടെ കൈവശം ഉണ്ടായിരുന്നത്. ഇതിൽ കുറച്ച് സ്റ്റേജിൽ വച്ച് ഉപയോഗിക്കുകയും ചെയ്തു. അറസ്റ്റിന് പിന്നാലെ, സ്റ്റേജിൽ വച്ച് കഞ്ചാവ് ഉപയോഗിച്ചതിലൂടെ ആരെയും അവമതിക്കാൻ ശ്രമിക്കുകയായിരുന്നില്ല എന്ന് അറിയിച്ചുകൊണ്ട് വിസ് ഖലീഫ എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. 

“കഴിഞ്ഞ രാത്രിയിലെ ഷോ അതിശയകരമായിരുന്നു. സ്റ്റേജിൽ വച്ച് ‘കത്തിച്ചതിലൂടെ’ ഞാൻ ഒരു അനാദരവും ഉദ്ദേച്ചിരുന്നില്ല. അവർ വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്.അവർ എന്നെ പോകാൻ അനുവദിച്ചു. ഞാൻ ഉടൻ തിരിച്ചെത്തും. പക്ഷേ ഒപ്പം കഞ്ചാവ് ഉണ്ടാകില്ല,” വിസ് ഖലീഫ കുറിച്ചു. കേസിൽ കഴിഞ്ഞ ഏപ്രിലിൽ കോൺസ്റ്റന്റ കൗണ്ടിയിലെ കീഴ്ക്കോടതി ഖലീഫയ്ക്ക് 3,600 ലീ (830 ഡോളർ) പിഴ ചുമത്തിയിരുന്നു. എന്നാൽ, കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർമാർ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ്, മേൽ കോടതി റാപ്പറിന് ഒൻപത് മാസം തടവ് വിധിച്ചത്. 

Exit mobile version