Site iconSite icon Janayugom Online

മയക്കുമരുന്ന് കേസ്: സിദ്ധാന്ത് കപൂറിന് സമൻസ്

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുള്ള വൻ മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പൊലീസിന്റെ സമൻസ്. നാളെ അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുതിർന്ന നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത്.

252 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ (എംഡി) മയക്കുമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക്സ് സെൽ ഘാട്‌കോപ്പർ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രധാന പ്രതിയും ദാവൂദിന്റെ കൂട്ടാളിയുമായ സലിം ദോലയുടെ മകൻ, മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെ ചോദ്യം ചെയ്തപ്പോഴാണ് സിദ്ധാന്ത് കപൂറിന്റെ പേര് ഉയർന്നുവന്നത്. ഇന്ത്യയിലും വിദേശത്തുമായി ദാവൂദ് ഇബ്രാഹിം സംഘടിപ്പിച്ച മയക്കുമരുന്ന് പാർട്ടികളിൽ സിദ്ധാന്ത് കപൂർ ഉൾപ്പെടെയുള്ള നിരവധി ബോളിവുഡ് താരങ്ങൾ, മോഡലുകൾ, റാപ്പർമാർ എന്നിവർ പങ്കെടുത്തിരുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

സലിമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിദ്ധാന്തിനെ കൂടാതെ മറ്റ് ചില പ്രമുഖരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സിദ്ധാന്ത് കപൂർ മയക്കുമരുന്ന് വിവാദത്തില്പെടുന്നത് ഇതാദ്യമല്ല. 2022‑ൽ ബംഗളൂരു എംജി റോഡിലെ ഹോട്ടലിൽ നടന്ന ഒരു റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ സിദ്ധാന്ത് പിടിയിലായിരുന്നു. അന്ന് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Exit mobile version