Site iconSite icon Janayugom Online

ലഹരിക്കേസുകള്‍ സിനിമാരംഗത്ത് തുടര്‍ക്കഥയാവുന്നു ; ലൊക്കേഷനിലും, താമസസ്ഥലത്തും ലഹരി ഉപയോഗം

മലയാള സിനിമാമേഖലയിലും ലഹരിക്കേസുകള്‍ തുടര്‍ക്കഥയാവുന്നു. ഇന്നു പുലര്‍ച്ചെ സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെയാണ് എക്‌സൈസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരില്‍നിന്ന് കഞ്ചാവ് വാങ്ങിയ ഷാലിഹ് മുഹമ്മദും ഇവര്‍ക്കൊപ്പം പിടിയിലായി.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ലഹരിയുമായി സിനിമാ സെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് നടി വിന്‍ സി അലോഷ്യസ് അടുത്തിടെ താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കിയിരുന്നു. സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ഒരു സീന്‍ പരിശീലിക്കുന്നതിനിടയില്‍ ഷൈന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടെന്നുമാണ് വിന്‍ സി വെളിപ്പെടുത്തിയത്. 

താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവര്‍ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിന്‍ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഡബ്ല്യുസിസിയും നിലപാടെടുത്തു. മലയാള സിനിമാരംഗത്ത് ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നതിനെ കുറിച്ച് ചര്‍ച്ച തുടരുമ്പോഴാണ് പ്രമുഖരായ രണ്ട് സംവിധാകരില്‍നിന്നും നേരിട്ട് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കഞ്ചാവിനേക്കാള്‍ ഇരട്ടിവിലയുള്ള ഹൈബ്രിഡ് കഞ്ചാവ് എവിടെനിന്നുമാണ് കിട്ടിയതെന്നടക്കമുള്ള വിവരങ്ങളിലേക്ക് അന്വേഷണം തുടരുകയാണ് പൊലീസ്

Exit mobile version