Site iconSite icon Janayugom Online

മയക്കുമരുന്ന് കേസുകള്‍ വര്‍ദ്ധിച്ച് വരുന്നു: കേസുകള്‍ കൈകാര്യം ചെയ്യാന്‍ എക്സൈസ് വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല

സംസ്ഥാനത്ത് വര്‍ദ്ധിച്ച തോതില്‍ മയക്കുമരുന്ന് കേസുകള്‍ വരുന്നുണ്ടെങ്കിലും ഇത് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥര്‍ എക്സൈസ് വകുപ്പിലില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെങ്കിലും നിലവിലുള്ള ഉദ്യോഗസ്ഥരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും നിലവിലുള്ള ജീവനക്കാര്‍ക്ക് അമിതജോലിയും സമ്മര്‍ദ്ദവുമാണ് നേരിടേണ്ടി വരുന്നത്. 2024 ജനുവരി മുതല്‍ ജൂണ്‍ മാസം വരെ 9222 അബ്കാരി കേസുകളും 3623 എന്‍ ഡി പി എസ് കേസുകളും 33, 849 കോപ്ടാ കേസുകളുമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലായി ആകെ 11,358 പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് വകുപ്പിന്റെ ശക്തമായ തുടര്‍ പ്രവര്‍ത്തനത്തെ ബാധിക്കാനുള്ള സാധ്യത കണക്കിലാക്കി ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. 

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഒമ്പത് ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍, 5 അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, 13 എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍/സൂപ്രണ്ടന്റ്/മാനേജര്‍, 35 എക്സൈസ് ഇന്‍സ്പെക്ടര്‍, 7 സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍, 11 ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളും 132 സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികകളുടെ ഒഴിവുകളുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്കികയില്‍ 11 ഒഴിവുകളാണുള്ളത്. കൊല്ലത്ത് ഇതേ തസ്തികയില്‍ 17 ഉം പത്തനംതിട്ടയിലും ആലപ്പുഴയിലും ആറ് വീതവും കോട്ടയത്ത് 12 ഉം ഇടുക്കിയിലും എറണാകുളത്തും എട്ട് വീതവും തൃശ്ശൂരരും പാലക്കാടും 16 വീതവും മലപ്പുറത്ത് പത്തും വയനാടും കോഴിക്കോടും എട്ട് വീതവും കാസര്‍കോട് ആറുമാണ് സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുകളുള്ളത്. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസതികയില്‍ തിരുവനന്തപുരത്ത് ഒന്നും കൊല്ലത്തും ആലപ്പുഴയിലും നാലും പത്തനംതിട്ടയിലും കോട്ടയത്തും ഒന്ന് വീതവും തൃശ്ശൂരില്‍ 3ഉം മലപ്പുറത്ത് നാലും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സ്വീപ്പര്‍, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലുമെല്ലാം വിവിധ ജില്ലകളില്‍ ഒഴിവുകളുണ്ട്.

Exit mobile version