കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത ലഹരി വസ്തുക്കൾ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനെയും പൊലീസ് പിടികൂടി. പനങ്കാവ് സ്വദേശി കെ റിജിലാണ് ഇപ്പോള്‍ പിടിയിലായത്. ഈ കേസിൽ അത്താഴക്കുന്ന് സ്വദേശി മജീഫ്, പനങ്കാവ് സ്വദേശി അക്ഷയ് എന്നിവരെ നേരത്തെ പിടിയികൂടിയിരുന്നു.
കഴിഞ്ഞ മാസം ജയിലേക്ക് ബീഡി ഉൾപ്പെടെ എറിഞ്ഞ് നൽകുന്നതിനിടെയാണ് മൂന്നംഘസംഘത്തിലെ ഒരാളായ അക്ഷയ് പിടിയിലായത്. മറ്റ് രണ്ടു പേരായ മജീഫും റിജിലും ഓടി രക്ഷപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, ലഹരി വിൽപ്പനയും വ്യാപകമാണെന്ന വിവരവും അക്ഷയടെ അറസ്റ്റിന് പിന്നാലെ പുറത്തുവന്നിരുന്നു. കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് കരിഞ്ചന്തയിൽ മദ്യവും പുകയില ഉൽപ്പന്നങ്ങളും വ്യാപക വിൽപ്പന നടത്തുന്നതായാണ് ലഭിച്ച വിവരം. ഇവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സൂചനയുണ്ടായിരുന്നു. 400 രൂപയുടെ മദ്യത്തിന് ഈടാക്കുന്നത് നാലായിരം രൂപയാണ്. ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരി കച്ചവടം. വിസിറ്റേഴ്സായി എത്തി സ്ഥലം കണ്ടുവച്ച് പദ്ധതിയുണ്ടാക്കി അകത്തു നിന്ന് സിഗ്നല്‍ ലഭിക്കുമ്പോള്‍ അകത്തേക്ക് മതിലിനു പുറത്ത്കൂടി എറിഞ്ഞ് നല്‍കുമെന്നായിരുന്നു പിടിയിലായ രണ്ടാമന്റെ മൊഴി. ജയിലിന് പുറത്തുള്ള സംഘം അകത്തേക്ക് ലഹരി വസ്തുക്കളടക്കം എറിഞ്ഞ് കൊടുക്കും. പിന്നീട് ഇത് നാലിരട്ടി വിലക്ക് തടവുകാർക്കിടയിൽ അകത്തുള്ള സംഘം വിൽപ്പന നടത്തുമെന്നാണ് വിവരം.ജയിലിനുള്ളിൽ ഫോൺ സൂക്ഷിക്കുന്ന ആളുകളുണ്ടെന്ന് അക്ഷയ് മൊഴി നല്‍കിയിരുന്നു.

