Site iconSite icon Janayugom Online

സ്വകാര്യ സ്കൂളിനുള്ളില്‍ മയക്കുമരുന്ന് നിര്‍മ്മാണശാല

സ്വകാര്യ സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരോധിത മയക്കുമരുന്നായ ആല്‍പ്രാസോലം നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടി. ഹൈദരാബാദിലെ ബോവന്‍പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മേധ സ്കൂളിലാണ് സംഭവം. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന്, പണം, മയക്കുമരുന്ന് നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെത്തി.
ഹൈദരാബാദിലെ എലൈറ്റ് ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ ഡ്രഗ് ലോ എന്‍ഫോഴ്സ്മെന്റാണ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. സംഭവത്തില്‍ മഹബൂബ് നഗര്‍ സ്വദേശിയും മേധ സ്കൂള്‍ ഉടമയുമായ മലേല ജയ പ്രകാശ് ഗൗഡ അറസ്റ്റിലായി. ഇയാളാണ് മയക്കുമരുന്ന് നിര്‍മ്മാണശാലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
ആല്‍പ്രാസോലം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഫോര്‍മുലയും പ്രക്രിയയും തയ്യാറാക്കിയത് ഗുരുവറെഡ്ഡിയെന്ന മറ്റൊരു വ്യക്തിയാണെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജയപ്രകാശും ഗുരുവറെഡ്ഡിയും ചേര്‍ന്നായിരുന്നു മയക്കുമരുന്ന് കച്ചവടം. ആദ്യ ഘട്ടത്തില്‍ സ്കൂളിന് പുറത്ത് നടത്തിയ നിര്‍മ്മാണം പിന്നീട് ഉയര്‍ന്ന ലാഭം കിട്ടിത്തുടങ്ങിയതോടെ സ്കൂളിനകത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് മാറ്റുകയായിരുന്നു.
ഹൈദരാബാദിനടുത്ത് ബൂത്ത്പൂരിലെയും മഹബൂബ്‌നഗര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമാണ് ആല്‍പ്രാസോലം മരുന്നുകള്‍ വിതരണം ചെയ്തത്. കള്ള് ഷാപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇവ വിറ്റത്. സ്കൂളില്‍ നടത്തിയ പരിശോധനയില്‍ 3.5 കിലോഗ്രാം ആല്‍പ്രാസോലം ഗുളികകള്‍ കണ്ടെത്തി. 4.3 കിലോഗ്രാം സെമി-പ്രോസസ്ഡ് ഗുളികകളും, അസംസ്‌കൃത വസ്തുക്കളും, നിര്‍മ്മാണ ഉപകരണങ്ങള്‍, 21 ലക്ഷം രൂപയും കണ്ടെത്തി. മയക്കുമരുന്ന് ഉല്‍പ്പാദനത്തിലും വിതരണത്തിലും ഉള്‍പ്പെട്ട കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവര്‍ക്കായി വല വിരിച്ചിട്ടുണ്ട്. ഉടനെ ഇവരെല്ലാം പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version