Site icon Janayugom Online

ലഹരി മുക്ത കേരളം ക്യാമ്പയിന്‍ ; ആരോഗ്യ‑കുടുംബക്ഷേമ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കാളികളാകും

ആരോഗ്യ‑കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും ലഹരിവിരുദ്ധ ക്യാമ്പയിനില്‍ പങ്കാളികളാകും. സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. ഗാന്ധി ജയന്തി ദിനം മുതല്‍ കേരള പിറവിദിനം വരെയാണ് ക്യാമ്പയിന്‍.
ഈ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ പ്രത്യേകമായി ഈ കാലയളവില്‍ സംഘടിപ്പിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പട്ടികജാതി, പട്ടിക വര്‍ഗ മേഖലകളിലും, അതിഥി തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളിലും, തീരദേശ മേഖലകളിലും ശക്തമായ ബോധവല്ക്കരണവും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റര്‍, ബോര്‍ഡ് തുടങ്ങിയവ സംസ്ഥാനത്താകെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഒരേ രീതിയില്‍ സ്ഥാപിക്കും. വകുപ്പുകളുടെ കീഴിലുള്ള സംഘടനകളോടും സഹകരണ സ്ഥാപനങ്ങളോടും സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യ‑കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകള്‍ മുഖാന്തിരം നിലവില്‍ നടത്തി വരുന്ന ലഹരിവിരുദ്ധ, ലഹരി നിര്‍മ്മാര്‍ജന ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡീഅഡിക്ഷന്‍ സെന്ററുകള്‍, വിമുക്തി ക്ലിനിക്കുകള്‍ മുതലായവ നിലവിലെ സ്ഥിതി അവലോകനം ചെയ്ത് കൂടുതല്‍ ശക്തിപ്പെടുത്തും.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയ മുഴുവന്‍ ഫീല്‍ഡ് വിഭാഗം പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Eng­lish Summary:Drug Free Ker­ala Campaign
You may also like this video;

Exit mobile version