Site iconSite icon Janayugom Online

ഫ്ലാറ്റില്‍ ലഹരിപ്പാര്‍ട്ടി; എന്‍സിപി നേതാവിന്റെ ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം ഏഴുപേര്‍ പിടിയില്‍

പൂണെയിലെ ഫ്ളാറ്റില്‍ ലഹരിപ്പാര്‍ട്ടിക്കിടെ പൊലീസ് റെയ്ഡ്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മുന്‍ മന്ത്രിയുടെ മരുമകന്‍ അടക്കം ഏഴ് പേരെ പൊലീസ് കസ്റ്റഡിിലെടുത്തു. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകന്‍ പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍ അടക്കമുള്ളവരാണ് പിടിയിലായത്. എന്‍സിപിവനിതാ നേതാവ് രോഹിണി ഖഡ്‌സെയുടെ ഭര്‍ത്താവാണ് പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍.

റേവ് പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൂണെ ഖരാഡിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കൊക്കെയ്‌നും കഞ്ചാവും മദ്യവും കണ്ടെടുത്തു. തുടര്‍ന്നാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന പ്രഞ്ജാല്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രഞ്ജാല്‍ ഉള്‍പ്പെടെ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കസ്റ്റഡിയിലുള്ളതെന്ന് പൂണെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

പ്രഞ്ജാല്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസ് റെയ്ഡിനെക്കുറിച്ച് അല്പസമയം മുന്‍പാണ് അറിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഏക്‌നാഥ് ഖഡ്‌സെ പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയസംഭവവികാസങ്ങള്‍ കാരണം ഇങ്ങനയൊന്ന് സംഭവിക്കുമോയെന്ന് സംശയിച്ചിരുന്നു. പക്ഷേ, ഞാന്‍ തെറ്റായ കാര്യങ്ങളെ പിന്തുണയ്ക്കുന്ന ആളല്ല. 

ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപി വനിതാ വിഭാഗത്തിന്റെ പ്രസിഡന്റാണ് അഡ്വ. രോഹിണി ഖഡ്‌സെ. രോഹിണിയുടെ ഭര്‍ത്താവ് പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍ വ്യവസായിയും നിര്‍മാതാവുമാണ്. അടുത്തിടെ സ്വന്തം ബാനറില്‍ സംഗീത ആല്‍ബം ഉള്‍പ്പെടെ ഇദ്ദേഹം നിര്‍മിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിലും സജീവമാണ്. ഇതിനുപുറമേ പഞ്ചസാര, ഊര്‍ജ വ്യവസായമേഖലകളിലും ഇവന്റ് മാനേജ്‌മെന്റ് രംഗത്തും പ്രവര്‍ത്തിക്കുന്ന വ്യവസായി കൂടിയാണ് പ്രഞ്ജാല്‍. 

Exit mobile version