Site iconSite icon Janayugom Online

ഓറഞ്ചിനുള്ളിലെ ലഹരിക്കടത്ത്; കാലടിയിലെ സ്ഥാപനങ്ങളിൽ ഡിആര്‍ഐ റെയ്ഡ്

orangeorange

1476 കോടി രൂപയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജിൻ വർഗീസിന്റെ സ്ഥാപനത്തിൽ ഡിആർഐയും, എക്സൈസും സംയുക്തമായി പരിശോധന നടത്തി.
കാലടി-മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന യുമ്മിറ്റോ ഇന്റർ നാഷണൽ എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. പഴവർഗങ്ങൾ സൂക്ഷിക്കുന്നതിനും ശീതികരിക്കുന്നതിനും വേണ്ടിയുള്ള വലിയ ഗോഡൗൺ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. കൂടാതെ ഇതിന് സമീപത്തായി പഴവർഗങ്ങളുടേയും ജ്യൂസിന്റേയും മറ്റും വിൽപ്പനയും ഉണ്ടായിരുന്നു.
മയക്കു മരുന്ന് സാധനങ്ങൾ ഇവിടെ ഉണ്ടോ എന്നും, ഇവിടെ എത്തിച്ചാണോ വിൽപ്പന നടത്തിയിരുന്നതെന്നും അന്വേഷിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇവിടേക്ക് സാധനങ്ങൾ എത്തിച്ചതിന്റേയും, കൊണ്ടുപോയതിന്റേയും മറ്റും രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇവിടെ നിന്നും മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിവ്.
വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത പഴവർഗങ്ങളാണ് ഇവിടെ പ്രധാനമായും വിൽപ്പന നടത്തുന്നത്. നാട്ടുകാർക്കും ഇവിടെ വരുന്നവർക്കും യാതൊരു വിധ സംശയവും തോന്നാത്ത വിധത്തിലായിരുന്നു ഇവിടെ കച്ചവടം നടത്തിയിരുന്നത്.
രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ കള്ളക്കടത്ത് സംഭവവുമായി ബന്ധപ്പെട്ടാണ് യുമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ വിജിൻ വർഗീസ് പിടിയിലായത്. 1476 കോടി രൂപ വിലമതിക്കുന്ന 198 കിലോഗ്രാം തൂക്കം വരുന്ന മെത്ത് എന്ന മയക്കുമരുന്നാണ് പിടികൂടിയത്.
പഴവർഗങ്ങളുടെ മറവിൽ കൊണ്ടുവരുന്ന മയക്കുമരുന്ന് സാധനങ്ങൾ കാലടിയിൽ എത്തിച്ചാണോ വിൽപ്പന നടത്തിയിരുന്നതെന്നും അല്ലാതെ നേരത്തെ പറഞ്ഞു ഉറപ്പിച്ച സ്ഥലങ്ങളിൽ പഴവർഗ്ഗങ്ങൾ എന്ന വ്യാജേന വില്പന നടത്തിയിരുന്നതാണോ എന്നും പരിശോധനാ സംഘം അന്വേഷിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Drug Traf­fick­ing in Orange; DRI raids estab­lish­ments in Kalady

You may like this video also

Exit mobile version