വിദേശത്തുനിന്ന് ലഹരി പാഴ്സലായി ഇറക്കുമതി ചെയ്ത അഞ്ചുപേർ അറസ്റ്റിൽ. പോസ്റ്റ് ഓഫീസ് വഴി വന്ന സ്റ്റാമ്പുകളുടെ രൂപത്തിലുള്ള ലഹരി പദാർത്ഥമാണ് പിടികൂടിയത്. ചിറ്റൂർ റോഡിലെ വിദേശകാര്യ പോസ്റ്റ് ഓഫീസിലൂടെയാണ് ലഹരി നാട്ടിലെത്തിയത്.
ലഹരിക്കടത്ത് സംഘത്തെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കാക്കനാട് സ്വദേശികളായ എബിൻ, ഷാരോൺ, ആലുവ സ്വദേശി ശരത്ത് എന്നിവരുടെ പേരിലാണ് വിദേശത്തുനിന്ന് പോസ്റ്റ്ഓഫീസ് വഴി ലഹരി എത്തിയത്. പാഴ്സൽ തുറന്നുപരിശോധിച്ചപ്പോഴാണ് ഇത് ലഹരിപദാർത്ഥമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് എൻസിബി നടത്തിയ അന്വേഷണത്തിൽ കൊച്ചി, കാക്കനാട്, ആലുവ, എരൂർ പ്രദേശങ്ങളിൽ നിന്ന് അഞ്ചുപേരെ പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് മുന്നൂറ് ലഹരി സ്റ്റാമ്പുകൾ പിടികൂടി. ഇവർ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി സ്റ്റാമ്പ് വിതരണം ചെയ്തതായി കണ്ടെത്തി. ജർമനി അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് പാഴ്സൽ പോസ്റ്റ് വഴി എത്തിയത്. സംഘം ഇതിനു മുമ്പും രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും ലഹരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്തിരുന്നു. സമീപകാലത്ത് ഇത് ആദ്യമായാണ് വിദേശത്തുനിന്ന് പോസ്റ്റ് വഴി ലഹരി ഇറക്കുമതി ചെയ്ത് പിടികൂടുന്നത്. സംഭവത്തിൽ അന്വേഷണം വിപുലീകരിക്കുമെന്ന് എൻസിബി അറിയിച്ചു.
English Summary: Drug trafficking through parcel service; Five people were arrested
You may also like this video