കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ജസ്റ്റിസ് ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയുടേതാണ് വിധി. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഇവർ രാജ്യത്തെ ലഹരി വിരുദ്ധ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയ്ക്ക് അർഹരാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ കൈഫാനിലും ഷുവൈഖിലുമുള്ള റെസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷാസേന നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 14 കിലോ ഹെറോയിൻ, 8 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമിൻ എന്നിവയും ലഹരിമരുന്ന് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് മെഷീനുകളും കണ്ടെടുത്തു. കുവൈത്തിനുള്ളിൽ വിതരണം ചെയ്യുന്നതിനായി വിദേശത്തുള്ള ഏജന്റുമാരിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വധശിക്ഷ ലഭിച്ച ഇന്ത്യക്കാർ ഏത് സംസ്ഥാനക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ‑യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യത്ത് ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കുറ്റവാളികൾക്ക് വധശിക്ഷ വരെ ഉറപ്പാക്കുന്ന കർശനമായ പുതിയ നിയമം അടുത്തിടെയാണ് കുവൈത്തിൽ നിലവിൽ വന്നത്.

