Site icon Janayugom Online

വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം; നടപടികള്‍ ശക്തമാക്കി സർക്കാർ

വിദ്യാർത്ഥികൾക്കിടയിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗം തടയാൻ നടപടികള്‍ ശക്തമാക്കി സർക്കാർ. സ്കൂൾ തലത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പുറമേ തദ്ദേശസ്വയംഭരണസ്ഥാപനതലത്തിലും ലഹരിവിരുദ്ധ പോരാട്ടത്തിന് കൂടുതല്‍ ഇടപെടലുകള്‍ നടത്താനാണ് നിര്‍ദ്ദേശം. സാമൂഹ്യതിന്മകളെ നിരുത്സാഹപ്പെടുത്തുന്നതിനും മദ്യം, മയക്ക് മരുന്ന് ഉൾപ്പടെയുള്ള ലഹരി ഉപയോഗ വിപത്തുകൾക്കെതിരെയും എല്ലാ വിഭാഗക്കാരുടെയും പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ ബോധവൽക്കരണം നടത്തുന്നതിനുമായി തദ്ദേശസ്ഥാപന തലത്തില്‍ ജനജാഗ്രതാസമിതികൾ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ, ലഭ്യത എന്നിവ തടയാന്‍ സ്കൂൾ, കുടുംബം, സമൂഹം എന്നീ തലങ്ങൾ തമ്മിൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ജനജാഗ്രതാസമിതികളുടെ ലക്ഷ്യം. വിദ്യാർത്ഥികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പ്രാദേശിക നീതി നിർവഹണ ഘടകങ്ങൾ, ചൈൽഡ് കൗൺസിലർ ഉൾപ്പടെയുള്ള ആരോഗ്യമേഖല വിദദ്ധർ, സ്കൂൾ പ്രതിനിധികൾ, രക്ഷകർത്താക്കൾ എന്നിവർ അടങ്ങുന്ന സമിതി മാസം തോറും ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കണം. 

മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റോ സമിതിയുടെ ചെയർമാനും തദ്ദേശസ്ഥാപനത്തിന്റെ ചുമതലയുളള എക്സൈസ് ഇൻസ്പെക്ടർ കൺവീനറുമായിരിക്കും. തദ്ദേശസ്ഥാപനതലത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, തദ്ദേശ സ്ഥാപനപരിധിയിൽ വരുന്ന പിഎച്ച്സി,സിഎച്ച്സി മെഡിക്കൽ ഓഫിസർ, ചൈൽഡ് കൗൺസിലർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, എച്ച്എസ്,യുപി,എൽപി സ്കൂൾ ഹൈഡ്‌മാസ്റ്റർ( ഗവൺമെന്റ്\പ്രൈവറ്റ്), സ്കൂൾ പിടിഎ\മദർ പിടിഎ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, പൊതുപ്രവർത്തകർ(മൂന്ന് പേർ) എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങൾ. 

അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ ജില്ലാതലത്തിലും സ്കൂള്‍ തലത്തിലും ജനജാഗ്രതാസമിതികള്‍ പ്രവര്‍ത്തനം നടത്താറുണ്ട്. ഇതിന് പുറമേയാണ് തദ്ദേശ സ്ഥാപനതലത്തിലും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ജനജാഗ്രതാസമികള്‍ രൂപീകരിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ ലഹരി ഉപയോഗവും ലഹരി ഉപയോഗിക്കുന്ന മുതിര്‍ന്നവരുമായുള്ള അതിര് കവിഞ്ഞ സൗഹൃദവും കുട്ടികളെ മോശമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂട്ടായ ഇടപെടലിലൂടെ കുട്ടികളെ ലഹരിഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാനാണ് സര്‍ക്കാരും കൂടുതല്‍ പദ്ധതികളാവിഷ്ക്കരിക്കുന്നത്. 

Eng­lish Sum­ma­ry; Drug use among stu­dents; The gov­ern­ment has strength­ened the measures
You may also like this video

Exit mobile version