2022 സെപ്റ്റംബർ ആറിന് കേരള സർക്കാർ ലഹരിക്കെതിരായി ഒരു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണല്ലോ. “ലഹരി വേണ്ടേ വേണ്ട” എന്ന ആഹ്വാനത്തോടെ ഒരു ബൃഹത്തായ പ്രചാരണപരിപാടിയാണ് ആരംഭിച്ചിരിക്കുന്നത്. ഭാവിതലമുറയെ രക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലഹരി ഉപയോഗം മനുഷ്യരുടെ ജീവനെടുക്കുന്നു എന്നുമാത്രമല്ല കുടുംബങ്ങളെയും സാമൂഹ്യബന്ധങ്ങളെയും തകർക്കുന്നു, രാജ്യത്തെത്തന്നെ ബാധിക്കുന്നു. ഈ മഹാവിപത്ത് തിരിച്ചറിഞ്ഞിട്ടാണ് കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കാനായി സർക്കാർ അതിവിപുലമായ ബോധവല്ക്കരണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത്. ലഹരിക്ക് അടിമപ്പെട്ടവരെയും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഒരേസമയം ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളെ സ്പർശിക്കുന്ന ഒരു ബഹുമുഖ മുന്നേറ്റമായിട്ടാണ് മയക്കുമരുന്ന് വിരുദ്ധ പോരാട്ടം വിഭാവന ചെയ്തിട്ടുള്ളത്. ഭരണസംവിധാനം മുഴുവൻ മയക്കുമരുന്നു മാഫിയയ്ക്കെതിരായി തിരിയും. ഈ വിഷയം കൈകാര്യം ചെയ്യുന്ന പൊലീസ്, എക്സൈസ്, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, സന്നദ്ധസംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ, കുടുംബശ്രീ ഇവരെല്ലാം ഈ ക്യാമ്പയിനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് ഇതിൽ മുഖ്യപങ്കാണുള്ളത്. അവർ നിരീക്ഷണം ശക്തിപ്പെടുത്തണം. സ്കൂളുകളിലും കോളജുകളിലും വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും ബോധവല്ക്കരണവും സംഘടിപ്പിക്കണം. തൊഴിൽ‑തദ്ദേശ വകുപ്പുകൾക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിനെതിരെ ബോധവല്ക്കരണം നടത്താനുള്ള ചുമതലയുണ്ട്.
മയക്കുമരുന്ന് കള്ളക്കടത്ത് ഒരു ദേശീയ‑അന്തർദേശീയ പ്രശ്നമാണ്. ഇത് അതിരുകളില്ലാത്ത ഒരു കുറ്റകൃത്യമായി വളർന്നിരിക്കുന്നു. ആ സ്ഥിതിക്ക് ഈ വിപത്തിനെതിരായ നടപടികളും ദേശീയ‑അന്തർദേശീയ തലത്തിൽ ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്. എൻഫോഴ്സ്മെന്റ്-ഇന്റലിജൻസ് ഏജൻസികളുടെ മെച്ചപ്പെട്ട ഏകോപനം പരമപ്രധാനമാണ്. സമ്പദ്ഘടനയെയും രാജ്യസുരക്ഷയെയും തകർക്കുന്ന ഈ വിപത്തിനെ നേരിടാൻ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടണം. വിദേശത്തുനിന്നും മയക്കുമരുന്ന് എത്തിക്കുന്ന മാഫിയാകേന്ദ്രങ്ങൾ തളയ്ക്കപ്പെടണം. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ധനം സമാഹരിച്ചു വളരുന്ന മാഫിയ‑ഭീകരവാദ ഗ്രൂപ്പുകളുടെ സ്വാധീനത്തെ ചെറുക്കാൻ ഇതാവശ്യമാണ്.
ഇതുകൂടി വായിക്കൂ: ലഹരിക്കെതിരെ നാടൊന്നാകെ സ്നേഹച്ചലങ്ങല
ഈ പ്രചാരണം തുടങ്ങിയതു മുതൽ നടന്നുവരുന്ന കടുത്ത പരിശോധനകളിൽ നിന്നും പുറത്തുവരുന്നത് മാരക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വൻ മയക്കുമരുന്നു ശേഖരത്തിന്റെ കണ്ടെത്തലുകളാണ്. ശരാശരി മയക്കുമരുന്നുമായി ബന്ധപ്പെട്ട 77 കേസുകൾ ദിനംപ്രതി രജിസ്റ്റർ ചെയ്യപ്പെടുന്നു. ഇത് കേരളത്തിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യപ്പെടുന്ന മൊത്തം കേസുകളുടെ 10.25 ശതമാനത്തോളം വരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ പതിനായിരത്തിനു താഴെയായിരുന്നെങ്കിൽ ഈ വർഷം ഒൻപത് മാസത്തിനിടയിൽ കേസുകളുടെ എണ്ണം 22,000 കടന്നിരിക്കുന്നു. സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎ–3,4മെതിലെനെഡിയോക്സി-മെത്താംഫെറ്റാമൈനിന്റെ വർധിച്ചുവരുന്ന ഉപഭോഗം മഹാഭീഷണിയായിരിക്കുന്നു. ആശുപത്രികളിൽ ശസ്ത്രക്രിയാവേളയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ പോലും ലഹരി മരുന്നായി ഉപയോഗിക്കപ്പെടുന്നു. ഡോക്ടറുടെ കുറിപ്പടി മുഖാന്തരം മാത്രം വിൽക്കാവുന്ന ഇത്തരം മരുന്നുകൾ ഒരു കുറിപ്പടിയുമില്ലാതെ ഓൺലൈനായി സുലഭമായി ലഭിക്കുന്നു. മധ്യകേരളത്തിൽ ഈയിടെ യുവാക്കൾക്കിടയിൽ നടന്ന ഒരു പഠനം വെളിവാക്കുന്നത് 31.8 ശതമാനം വിദ്യാർത്ഥികൾ മദ്യത്തിനോ പുകവലിക്കോ പുകയിലയ്ക്കോ അടിമകളാണെന്നാണ്. അടുത്തകാലംവരെ ആദ്യ മദ്യ ഉപയോഗം 19 വയസു മുതലായിരുന്നെങ്കിൽ ഇന്ന് അത് 13 വയസു മുതൽക്കായിരിക്കുന്നു.
“ജേർണൽ ഓഫ് ഇന്ത്യ അസോസിയേഷൻ ഫോർ ചൈൽഡ് മെന്റൽ ഹെൽത്ത്” ഒക്ടോബർ 2021 ലക്കത്തിൽ മയക്കുമരുന്ന് ഉപഭോഗവും ആത്മഹത്യാപ്രവണതയും” എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത് ഇങ്ങനെ: “മയക്കുമരുന്ന് ഉപഭോഗം നേരിട്ട് ആത്മഹത്യാപ്രവണതയ്ക്കു കാരണമാകുന്നു. മയക്കുമരുന്ന് ഉപഭോഗം കൂടുതൽ പുരുഷന്മാരിലാണെങ്കിലും ആത്മഹത്യാപ്രവണത കൂടുതൽ സ്ത്രീകളിലാണ്. കേരളത്തിലെ ആത്മഹത്യാ നിരക്കായ 24.3 ശതമാനം. ദേശീയ നിരക്കിന്റെ (10.2 ശതമാനം) ഇരട്ടിയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്. നർക്കോട്ടിക് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2019ൽ കേരളത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ആത്മഹത്യ ചെയ്തത് 792 പേരാണ്. ഇതിന്റെ പേരിൽ സമൂഹം നൽകേണ്ടിവരുന്ന വില വളരെ വലുതാണ്.
ഇതുകൂടി വായിക്കൂ: ലോകം ഫുട്ബാൾ ലഹരിയിലേക്ക്
തെക്കൻ ഇറ്റലിയിലെ മെസോജിയോർനോ എന്ന പ്രദേശത്തിന്റെ ഉദാഹരണം ഇവിടെ പ്രസക്തമാകുന്നു. കരുത്തരായ മയക്കുമരുന്നു മാഫിയ സാവകാശം ഈ പ്രദേശത്തിന്റെ ഭരണം കൈക്കലാക്കുകയായിരുന്നു. അവിടത്തെ വളർച്ചാനിരക്ക് യൂറോപ്പിലേതിനേക്കാൾ വളരെ താഴെയായിരുന്നു. താഴ്ന്ന വളർച്ചാനിരക്ക് ആ പ്രദേശത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കി. തൊഴിലില്ലായ്മ 20 ശതമാനവും 24 വയസിനു താഴെയുള്ളവരിൽ 56 ശതമാനവും ആയിരുന്നു. തന്നിമിത്തം വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് യുവജനങ്ങൾ ധരിച്ചുവശായി. നേരത്തെ അറിയപ്പെടുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ശാസ്ത്രജ്ഞന്മാരെയും സൃഷ്ടിച്ചിരുന്ന പ്രദേശത്തിന്റെ എല്ലാ ഊർജസ്വലതയും നഷ്ടമായി. അവര്‍ മാഫിയ രാഷ്ട്രീയത്തിലേക്കു കടന്നു. അക്രമവും ഭയപ്പെടുത്തലും വഴി ഒരു രാജ്യം തങ്ങളുടെ കാൽക്കീഴിലാക്കി ഭരിക്കാമെന്ന് അവർ വിശ്വസിപ്പിച്ചു. മയക്കുമരുന്നു മാഫിയയുടെ നിയന്ത്രണത്തിൽ നിന്നും നമ്മുടെ യുവതയെ മോചിപ്പിച്ചില്ലെങ്കിൽ വരാൻ പോകുന്നത് മെസോജിയോർനോയുടെ തനിയാവർത്തനം ആയിരിക്കും എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
(സി അച്യുതമേനോൻ ഫൗണ്ടേഷൻ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)