27 July 2024, Saturday
KSFE Galaxy Chits Banner 2

ലഹരിക്കെതിരെ നാടൊന്നാകെ സ്നേഹച്ചലങ്ങല

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 1, 2022 11:03 pm

കേരളത്തിന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഇല്ലാതാക്കി യുവതലമുറയെ കാര്‍ന്നുതിന്നുന്ന മാരക വിപത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധച്ചങ്ങല തീര്‍ത്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു കോടിയിലധികം പേര്‍ ലഹരിക്കെതിരായ പോരാട്ടത്തില്‍ കണ്ണിചേര്‍ന്ന് പ്രതിജ്ഞയെടുത്തതോടെ കേരളം പുതുചരിത്രമെഴുതി.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഉള്‍പ്പെടെ ജനങ്ങളൊന്നാകെ അണിനിരന്നതോടെ ലോകത്തില്‍തന്നെ മയക്കുമരുന്നിനെതിരെയുള്ള ഏറ്റവും വലിയ ജനകീയ പ്രതിരോധമായി നോ ടു ഡ്രഗ്സ് ക്യാമ്പയിന്‍ മാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരും കലാകായിക താരങ്ങളും യുവജന‑വിദ്യാര്‍ത്ഥി-സാംസ്കാരിക സംഘടനകളുമെല്ലാം ഒത്തൊരുമിച്ച് നിന്നുകൊണ്ട്, കേരളത്തെ രക്ഷിക്കാനുള്ള യത്നത്തില്‍ പങ്കാളികളായി.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഗ്രന്ഥശാല പ്രവര്‍ത്തകരും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം മൂന്ന് മണിക്ക് ലഹരിവിരുദ്ധ ശൃംഖല തീര്‍ത്തതിന് ശേഷം ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു. ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിട്ടുകൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു. വാര്‍ഡുകളില്‍ വിദ്യാലയങ്ങളും വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന സ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിപാടി.
തിരുവനന്തപുരത്ത്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് ശൃംഖലയില്‍ പങ്കാളിയായി. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും കണ്ണിചേർന്നു. ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ആർ ബിന്ദു, ജി ആർ അനിൽ, ആന്റണി രാജു, വി കെ പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഡിജിപി അനിൽ കാന്ത് തുടങ്ങിയവരും പങ്കെടുത്തു. 

രണ്ടാം ഘട്ട ക്യാമ്പയിൻ 14 മുതൽ ജനുവരി 26 വരെ

തിരുവനന്തപുരം: ലഹരിക്കെതിരായി കേരളം നടത്തുന്ന പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരായി തീർത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിതത്തിലുടനീളം തുടരുമെന്നുമായിരിക്കണം ഓരോരുത്തരുടേയും പ്രതിജ്ഞയും നിലപാടും. സംസ്ഥാനത്തെ എല്ലാ ആളുകളും ഏതെങ്കിലും തരത്തിൽ നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ആദ്യ ഘട്ടത്തിൽ ഭാഗഭാക്കായി. ഇതിൽ വിദ്യാർത്ഥി സമൂഹത്തിന്റെ പങ്ക് വലുതാണ്.
ലഹരിയുണ്ടാക്കുന്ന വൈകൃതത്തിന് ഇരയാകില്ലെന്ന് വിദ്യാർത്ഥികൾ തീരുമാനിച്ചുറപ്പിച്ച് ക്യാമ്പയിന് പിന്നിൽ അണിനിരന്നു. കേരളമാകെ സൃഷ്ടിച്ച ലഹരി വിരുദ്ധ ശൃംഖല ഇതിന്റെ പ്രത്യക്ഷ തെളിവായി. വിദ്യാർത്ഥികൾ നൽകുന്ന ഈ സന്ദേശം ലഹരിക്കെതിരായ പോരാട്ടത്തിനു വലിയ കരുത്തു പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Dig­i­tal reserve project has started

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.