Site iconSite icon Janayugom Online

മയക്കുമരുന്ന്; രണ്ടു പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവ്

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മയക്കു മരുന്നു പിടികൂടിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് കോടതി 12 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി മലപ്പുറം കണ്ണാട്ടിപ്പടി ആലുങ്ങല്‍ കുറുക്കന്‍ അബ്ദുല്‍ ജലീല്‍, നാലാം പ്രതി തൃശൂര്‍ നാട്ടിക രായമരക്കാര്‍ ഷിഫാസ് എന്നിവരെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി കോഴിക്കോട് എടച്ചേരി കച്ചേരി ഇ കെ അര്‍ജുന്‍, മൂന്നാം പ്രതി വളാഞ്ചേരി കാട്ടിപ്പരുത്തി വാകഞ്ചേരി ശ്രീവത്സത്തില്‍ നൈശേരിയില്‍ ഷെറിന്‍, അഞ്ചാം പ്രതി ബംഗലൂരു കല്ല്യാണ്‍ നഗര്‍ ചേലിക്കെരെ ജെനിഫര്‍ ലെപ്പോണ്ടിഗ് ഡികോണിയ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിധിച്ചു. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2023 മാര്‍ച്ച് 30ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ സി ജി അഭിലാഷ് മലപ്പുറം വേങ്ങരയിലെ ഡിടിഡിസി കൊരിയറില്‍ എത്തിയ പാര്‍സല്‍ പരിശോധിച്ചതില്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2023 സെപ്തംബര്‍ നാലിന് നാലാം പ്രതിയുടെ ബംഗലൂരുവിലുള്ള ആപ്പാര്‍ട്‌മെന്റില്‍ നിന്നും എന്‍ സി ബി സംഘം 33.9 ഗ്രാം ഹാഷിഷ്, 5.349 ഗ്രാം എംഡിഎംഎ, 46 എല്‍എസ്ഡി, 20.88 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെടുക്കുകയായിരുന്നു. എന്‍സിബി ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ അനില്‍ കുമാര്‍ ആണ് ബംഗലൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയതും പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം രാജേഷ് കുമാര്‍ 27 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. കേസിലെ ആറാം പ്രതി തൃശൂര്‍ ചാവക്കാട് വളപ്പാട് പുഴങ്കരയില്ലത്ത് തന്‍വീര്‍, ഏഴാം പ്രതി തൃശൂര്‍ പാടിയം വടക്കുമുറി അറക്കല്‍ ജയകൃഷ്ണന്‍, എട്ടാം പ്രതി നൈജീരിയന്‍ സ്വദേശി നംണ്ടി നവബൂര്‍ ഒബൊഡോസി, ഒമ്പതാം പ്രതി രാജസ്ഥാന്‍ ചിറ്റോഗര്‍ ഇസ്മയില്‍ സൈനബ് ദാഹിറു എന്നിവര്‍ ഒളിവിലാണ്. 

Exit mobile version