Site iconSite icon Janayugom Online

ലഹരിപാര്‍ട്ടി കേസ്; തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഭവമെന്ന് നവാബ് മാലിക്

ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ആര്യന്‍ ഖാന്‍ അറസ്റ്റിലായ കേസ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണെന്നും ഇതിനു പിന്നില്‍ ബിജെപി നേതാവ് മോഹിത് കംബോജ് ആണെന്നും മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് ആരോപിച്ചു. 

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ല. അമീര്‍ ഫര്‍ണീച്ചര്‍വാലയും പ്രതീക് ഗാബയുമാണ് ആര്യനെ കപ്പലില്‍ കൊണ്ടുവന്നത്. ഇതൊരു തട്ടിക്കൊണ്ടുപോകലാണ്. സമീര്‍ വാംഖഡെയുടെ അടുത്തയാളും ബിജെപി നേതാവുമായ മോഹിത് ആണ് ഇതിനുപിന്നിലെ സൂത്രധാരന്‍. 

മകനെ തട്ടിക്കൊണ്ടുപോയാല്‍ മോചനദ്രവ്യം നല്‍കുന്നത് കുറ്റമല്ലെന്നും അതിനാല്‍ ഷാരൂഖ് ഖാന്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു. കോഴ ഇടനിലക്കാരനെന്ന് സംശയിക്കപ്പെടുന്ന സാൻവില്ലെ അഡ്രിയാൻ ഡിസൂസ എന്ന സാം ഡിസൂസയും എൻസിബി ഉദ്യോഗസ്ഥന്‍ വി വി സിങും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണവും നവാബ് മാലിക് പുറത്തുവിട്ടു. 

എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയും മോഹിത് കംബോജും തമ്മില്‍ അടുത്തബന്ധമുണ്ടെന്നും നവാബ് മാലിക്ക് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് രാത്രിയില്‍ ഒരു ശ്മശാനത്തില്‍വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ആഡംബര കപ്പലിലെ റെയ്ഡില്‍ പിടികൂടിയ മൂന്ന് പേരെയാണ് എന്‍സിബി വിട്ടയച്ചിരുന്നത്. റിഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, അമീര്‍ ഫര്‍ണീച്ചര്‍വാലാ എന്നിവരെയാണ് വിട്ടയച്ചിരുന്നത്. ഇതില്‍ റിഷഭ് സച്ച്‌ദേവ മോഹിത് കംബോജിന്റെ ബന്ധുവാണെന്നും നവാബ് മാലിക്ക് ആരോപിച്ചു. 

ENGLISH SUMMARY:Drunken par­ty case; Nawab Malik says he was abduct­ed and demand­ed money
You may also like this video

Exit mobile version