Site iconSite icon Janayugom Online

കൊൽക്കത്തയിലെ ഡ്രൈ ഫുഡ് ഗോഡൗണിന് തീപിടിച്ച് മൂന്ന് മരണം; നിരവധി പേരെ കാണാനില്ല

നരേന്ദ്രപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡ്രൈ ഫുഡ് ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നസീറാബാദിലെ ആനന്ദപൂർ പ്രദേശത്താണ് അപകടമുണ്ടായത്. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ബരുയിപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് ശുഭേന്ദ്ര കുമാർ മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചെങ്കിലും മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടസമയത്ത് നിരവധി തൊഴിലാളികൾ ഗോഡൗണിൽ ജോലിയിലുണ്ടായിരുന്നു. തങ്ങളുടെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന പരാതിയുമായി നിരവധി പേർ എത്തുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ ഭയപ്പെടുന്നു.

തീപിടിത്തമുണ്ടായ ഉടൻ തന്നെ ഗോഡൗണിന് പിന്നിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Exit mobile version