Site icon Janayugom Online

വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാടായി കരിഞ്ഞ കൂവളമാല; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാട് വസ്തുക്കളുടെ വിൽപ്പനയിൽ നടക്കുന്ന തട്ടിപ്പില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നടയിൽ സമർപ്പിക്കുന്ന വഴിപാട് വസ്തുക്കൾ പൂജയ്ക്കു പോലും എടുക്കാതെ തൊട്ടുപിന്നാലെ കൗണ്ടറുകളിൽ വിൽപനയ്ക്കെത്തുന്നതായി ഭക്തര്‍ കണ്ടെത്തിയിരുന്നു. ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ കൂവള മാലകളുടെയും എണ്ണയുടെ വിതരണത്തിലും നടക്കുന്ന തട്ടിപ്പിന്‍റെ ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.വൈക്കത്തപ്പന് ചാര്‍ത്തുവാനായി ഭക്തര്‍ സമര്‍പ്പിക്കുന്ന കൂവളമാലയിലാണ് പ്രധാന തട്ടിപ്പ് നടക്കുന്നത്. 

കടുത്തുരുത്തി സ്വദേശി മനു എന്നയാളാണ് തട്ടിപ്പ് വിവരം ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളിലൂടെ ഭക്തരെ അറിയിച്ചത്. നൂറും ഇരുനൂറും വിലയുള്ള കേശാദിപാദം മാലക്ക് ഒരു മുഴം മാത്രമാണ് നീളം. കരിഞ്ഞതും പഴകിയതുമായ കൂവള ഇലകള്‍ ഉപയോഗിച്ചാണ് മാലകള്‍ നിര്‍മിക്കുന്നത്. വാഴയിലയിൽ പൊതിഞ്ഞുക്കെട്ടി വഴിപാടായി നൽകുന്ന മാലകൾക്ക് ഒരാഴ്ച്ചയിലേറെ പഴക്കമുണ്ട്.
അഞ്ച് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിലെ വഴിപാടു സാധനങ്ങൾ വിൽക്കാനുള്ള കരാർ ലഭിക്കുന്നത് ഒരേ കുടുംബത്തിനാണ് . വൻ തുക വാങ്ങുന്ന ബോർഡ് വഴിപാട് സാധനങ്ങൾക്കുള്ള വിലയൊ അളവൊ നിശ്ചയിച്ച് നൽകാറില്ല. ഭക്തർ സമർപ്പിക്കുന്ന കൂവളമാല, പഴം, ചന്ദനത്തിരി വരെ അധികം താമസിയാതെ തിരികെ കൗണ്ടറിൽ എത്തും. ഇത് തന്നെ മറ്റൊരാൾക്ക് വിൽക്കും.വിളക്കിലൊഴിക്കുന്ന എണ്ണ ശേഖരിച്ച് വിൽപനയ്ക്കെത്തിക്കാനും സംവിധാനവുമുണ്ട്. ഭക്തർ സമർപ്പിക്കുന്ന വഴിപാട് വസ്തുക്കൾ ശേഖരിച്ച് ഉപയോഗിക്കേണ്ട ദേവസ്വം ബോർഡ് തന്നെ ഈ തട്ടിപ്പിന് ഒത്താശ ചെയ്യുന്നു.

വേനലിൽ കൂവളമാല കിട്ടാനില്ലെന്നും എണ്ണയ്ക്കടക്കം വില കൂടിയെന്നാണ് തട്ടിപ്പിനുള്ള ന്യായീകരണമായി കരാറുകാരന്‍ പറയുന്നത്. തട്ടിപ്പിനെതിരെ ദേവസ്വം വിജിലൻസിനടക്കം പരാതി നല്‍കാന്‍ ഭക്തര്‍ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്തത്. ബുധനാഴ്ച വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ദേവസ്വം മന്ത്രിയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി ഉയർന്നതിന് പിന്നാലെ വഴിപാട് സാധനങ്ങൾ ഭക്തർക്ക് കാണുന്ന വിധം നൽകാൻ ബോർഡ് തീരുമാനിച്ചു.

Eng­lish Sum­ma­ry: dry Koovala­mala at Vaikom Mahade­va Tem­ple; The High Court vol­un­tar­i­ly tak­en the case
You may also like this video

Exit mobile version