Site iconSite icon Janayugom Online

ഈസ്റ്റർ വിപണിയിൽ പ്രതീക്ഷയോടെ താറാവ് കർഷകർ

പക്ഷിപ്പനി മൂലം ദുരിതത്തിലായ താറാവ് കർഷകർക്ക് പ്രതീക്ഷ നൽകി ഈസ്റ്റർ വിപണി. പക്ഷിപ്പനി മൂലം നിർജീവമായിരുന്ന താറാവ് കൃഷി ഒരു ഇടവേളയ്ക്കു ശേഷം സജീവമായതോടെ കർഷകരും താറാവു വിപണനം നടത്തുന്നവരും ആശ്വാസത്തിലാണ്. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ ഈസ്റ്റർ വിപണി ലക്ഷ്യമിട്ടു കുട്ടനാടൻ താറാവുകൾക്കു പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള താറാവുകളും ഇക്കുറി ധാരാളമായി എത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ പക്ഷിവളർത്തലിന് അനുമതി കിട്ടിയെങ്കിലും ഫലം പൂർണ്ണമായി ലഭിക്കണമെങ്കിൽ രണ്ടുമാസമെങ്കിലും എടുക്കും. സംസ്ഥാനത്ത് സാധാരണയായി ഈസ്റ്റർവിപണിക്ക് രണ്ടു ലക്ഷത്തോളം താറാവുകളാണ് വേണ്ടിവരുന്നത്. എന്നാൽ ഇക്കുറി ഇതിൽ പകുതിപോലും സംസ്ഥാനത്ത് ഉല്പാദിപ്പിക്കാനായിട്ടില്ല. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റയ്ക്കായി പതിനായിരക്കണക്കിനു താറാവുകളെയാണ് ഇറക്കിയിട്ടുള്ളത്. താറാവു വളർത്തൽ സജീവമായതോടെ ചെന്നിത്തല, പള്ളിപ്പാട്, നെടുമ്പ്രം തുടങ്ങിയ സ്വകാര്യ ഹാച്ചറിയിൽ കുഞ്ഞുങ്ങളെ വിരിയിക്കുന്നുണ്ട്. ഇവിടെയെല്ലാം കുട്ടനാടൻ താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളിൽ പെട്ടതാണ് ആണ് കൂടുതലും വിരിയിക്കുന്നത്. 

തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്നത് കുഴത്തല, ആറാണി എന്നീ ഇനങ്ങളെയാണ്. ഇവയ്ക്ക് കുട്ടനാടൻ താറാവുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലാണ്. കുട്ടനാട്ടിലെ താറാവുകൾക്ക് ഒന്നിന് 250 രൂപ മുതൽ 300 രൂപ വരെ വിലയാണ്. നാട്ടിലെ കർഷകർ ഇതിനോടകം പൂവൻ താറാവ്, പിടത്താറാവ് എന്ന തരത്തിൽ വേർതിരിച്ചു കഴിഞ്ഞു. പല ചെറുകിട കച്ചവടക്കാരും പൂവൻ താറാവുകളെ വാങ്ങിത്തുടങ്ങി. ഏതാനും വർഷം മുൻപ് ഈസ്റ്റർ കാലത്ത് 10 ലക്ഷത്തോളം താറാവുകളെയാണു കുട്ടനാട്ടിൽ വിറ്റിരുന്നത്. എന്നാൽ അടുത്ത കാലങ്ങളിൽ 5 ലക്ഷത്തിൽ താഴെ മാത്രമാണു വിൽപന നടക്കുന്നത്. പക്ഷിപ്പനിയെ തുടർന്ന് ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് താറാവു കച്ചവടം നിലയ്ക്കുകയും ലക്ഷങ്ങളുടെ നഷ്ടം കച്ചവടക്കാർക്ക് ഉണ്ടാകുകയും ചെയ്തിരുന്നു. താറാവ് ക്ഷാമം മുൻകൂട്ടി കണ്ട് കഴിഞ്ഞ ദിവസം മുതൽ താറാവിറച്ചി വിൽപ്പന സ്റ്റാളുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ താറാവ് വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് നൽകാൻ താറാവുകളുണ്ടാകുമോ എന്ന സംശയത്തിലാണ് കച്ചവടക്കാർ. ഈസ്റ്ററിന് മുൻപായി തന്നെ ആവശ്യത്തിന് താറാവുകളെ ജീവനോടെ വാങ്ങിപ്പോയവരും ഏറെയാണ്. പക്ഷിപ്പനി ബാധിക്കാത്ത മേഖലകളിൽ അവശേഷിച്ച താറാവുകളെയാണ് വിപണിയിലെത്തിച്ചതെന്ന് കർഷകർ പറഞ്ഞു. അപ്പവും, കുരുമുളകരച്ച് തേങ്ങാപ്പാലൊഴിച്ച താറാവുകറിയും ഈസ്റ്റർ വിഭവങ്ങളിൽ പ്രധാനിയാണ്. പ്രതിസന്ധികളുടെ പേരിൽ താറാവിനെ ഒഴിവാക്കാനാവാത്തതിനാലാണ് ദിവസങ്ങൾക്ക് മുമ്പേ ജീവനോടെ തന്നെ താറാവുകളെ കൈക്കലാക്കുന്നതെന്ന് കുട്ടനാട് സ്വദേശി തോമസ് പറഞ്ഞു. താറാവിനെ കിട്ടിയില്ലെങ്കിൽ മാത്രമേ മറ്റ് വിഭവങ്ങളെ കുറിച്ച് ഈസ്റ്റര്‍ നാളിൽ പലരും ചിന്തിക്കൂ.

Exit mobile version