Site iconSite icon Janayugom Online

ആവേശക്കൊടുമുടിയിലേറ്റി ദഫ് മുട്ടും കോല്‍ക്കളിയും

രാവിലെ വഴുതക്കാട് ടാഗോര്‍ തിയേറ്ററിലെ വേദിയുണര്‍ന്നത് പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ ഇശലായി ഒഴുകിയ ദഫ് മുട്ടോടെ. കാവ്യ ഇശലുകള്‍ക്ക് താളം പകര്‍ന്ന് തുകല്‍ വാദ്യമായ ദഫ് മുട്ട് പുരോഗമിച്ചതോടെ അനന്തപുരി ആനന്ദലഹരിയിലായി. കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ആസ്വാദകരെ ആവേശക്കൊടുമുടിയിലെത്തിച്ച് ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ടും കോല്‍ക്കളിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കൊപ്പം ജീലാനി, രിഫാഈ അപദാനങ്ങളും ബൈത്തുകളായി ഒഴുകി. ഇതോടെ സദസൊന്നടങ്കം ഭക്തിസാന്ദ്രമായ അന്തരീക്ഷം. എല്ലാ ടീമുകളും പാരമ്പര്യം കാത്തുസൂക്ഷിച്ചുവെന്ന് ദഫ് മുട്ടാചാര്യന്‍ ഡോ. കോയ കാപ്പാട് പറഞ്ഞു. അപ്പീലിലൂടെയെത്തിയ അഞ്ച് ഉള്‍പ്പെടെ 19 ടീമുകളാണ് അരങ്ങിലെത്തിയത്.

ഇതില്‍ 17 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. ദഫിന്റെ വാദനം കൊണ്ടും ബൈത്തിന്റെ ഈണം കൊണ്ടും വിധികര്‍ത്താക്കളുടെയും സദസിന്റെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റാന്‍ ടീമുകള്‍ക്കായി. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരം വഴുതക്കാട് ഗവ. വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍ കുട്ടികളുടെ നാടോടിനൃത്തത്തിന് ശേഷമാണ് ആരംഭിച്ചത്. പാട്ടിന്റെ താളത്തിനൊത്ത് ചുവടുവയ്ക്കുന്നതിനൊപ്പം കോലു കൊണ്ട് താളത്തിലടിച്ചുള്ള കോല്‍ക്കളിയില്‍ സദസ് ഹരം പിടിച്ചു. കൈലിമുണ്ടും ബനിയനും തലയില്‍ കെട്ടും ധരിച്ച് ചുവടുകള്‍ക്കനുസരിച്ച് താളാത്മകമായ ചുവടുകളുമായി 16 ടീമുകളാണ് അരങ്ങിലെത്തിയത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഫലം വന്നപ്പോള്‍ എ ഗ്രേഡ് പങ്കിട്ടതും ഒരുമിച്ച്. നാലാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹയര്‍ സെക്കന്‍ഡറി കോല്‍ക്കളി മത്സരവും ഇതേ വേദിയില്‍ നടക്കും.

Exit mobile version