Site iconSite icon Janayugom Online

തിമിംഗലം വരെ ഡൂപ്ലിക്കേറ്റ്; വീണ്ടും ആളുകളെ പറ്റിച്ച് ചൈന

കുറഞ്ഞ ചെലവില്‍ ഡൂപ്ലിക്കേറ്റ് സാധനങ്ങള്‍ അതും ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് ഇറക്കാൻ ചൈനയ്ക്ക് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും. ഇത്തവണ ചൈനയിലെ അക്വേറിയത്തിലെത്തിയ ഒരുലക്ഷത്തിലധികം പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്. ഷെൻഷനിലെ ഷിയോമീഷ സീ വേള്‍ഡ് എന്ന ചൈനീസ് അക്വേറിയത്തിലാണ് സംഭവം. അക്വേറിയത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന തിമിംഗല സ്രാവ് റോബോട്ടിക് ആയിരുന്നുവെന്ന സത്യം ആളുകള്‍ അടുത്തിടെയാണ് തിരിച്ചറിയുന്നത്.

അഞ്ചുവർഷത്തെ നവീകരണത്തിന് ശേഷം വീണ്ടും തുറന്ന പാർക്കിലെ അക്വേറിയത്തിലെത്തിയവര്‍ തിമിംഗല സ്രാവിനെ കാണാനാണ് എത്തിയത്. ഒക്ടോബർ 1 ന് തുറന്ന പാർക്കില്‍ ഒരാഴ്ച കൊണ്ട് ഏകദേശം ഒരു ലക്ഷം സന്ദർശകരാണ് എത്തിയത്. സന്ദർശകർ പങ്കിട്ട തിമിംഗല സ്രാവിന്റെ ചിത്രങ്ങള്‍ സൂഷ്മമായി പരിശോധിച്ചവരാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. ചിത്രത്തിലെ സ്രാവിന്റെ ശരീരത്തില്‍ വലിയ വിടവുകള്‍ ദൃശ്യമായിരുന്നു. ഇതോടെ അക്വേറിയത്തിനെതിരെ വിമർശനങ്ങള്‍ ഉയര്‍ന്നു.

തിമിംഗല സ്രാവിനെ കാണാൻ ഉയർന്ന പ്രവേശന ഫീസ് വാങ്ങി ജനങ്ങളെ പറ്റിക്കുന്ന അക്വേറിയത്തിനെതിരെ ജനരോഷം ഉയരുകയായിരുന്നു. ആളൊന്നിന് 40 ഡോളർ എന്ന നിരക്കിലാണ് സന്ദർശകരില്‍ നിന്നും ഈടാക്കിയിരുന്നത്. ഇതാദ്യമായല്ല ചൈന ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. മൃഗശാലയിലെ നായ്‌ക്കളെ ചായം പൂശി പാണ്ടകളാക്കി മാറ്റിയതും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൃത്രിമ വെള്ളച്ചാട്ടം സൃഷ്ടിച്ച്‌ പറ്റിച്ചതുമെല്ലാം ലോകം കണ്ടതാണ്.

Exit mobile version