പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരട്ട വോട്ട് വിവാദം വീണ്ടും ശക്തമാകുന്നു. ഉപതെരഞ്ഞെടുപ്പിൽ ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്‌ലോഡ് ചെയ്യും. സത്യവാങ്മൂലവും എഴുതിവാങ്ങും.
മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടർ വ്യക്തമാക്കി.