Site iconSite icon Janayugom Online

ദുര്‍ഗാ പൂജ ആഘോഷം : തൃണമൂല്‍ ‑ബിജെപി വാക്ക് പോര് മുറുകുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദുര്‍ഗാ പൂജയുടെ പേരില്‍ കൊമ്പ് കോര്‍ത്ത് ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും. ദുര്‍ഗാ പൂജയെ രാഷ്ട്രീയ നേട്ടത്തിന് വിനിയോഗിക്കനാണ് ഇരുപാര്‍ട്ടികളും തന്ത്രം മെനഞ്ഞിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നടന്ന ദുര്‍ഗാ പൂജ ആഘോഷ വേളയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ കലാപങ്ങളും ക്രമസമാധാന പ്രശ്നവും ഉയര്‍ത്തിക്കാട്ടി ഹിന്ദു ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജി കഴിഞ്ഞ ദിവസം നിരവധി ദുര്‍ഗാ പൂജ പന്തലുകളാണ് ഉദ്ഘാടനം ചെയ്തത്. മമത രചിച്ച് സംസ്ഥാന മന്ത്രിയും പ്രശസ്ത ഗായികയുമായ ഇന്ദ്രനില്‍ സെന്‍ ആലപിച്ച ഗാനവും ടിഎംസി പുറത്തിറക്കി.

ദുര്‍ഗാ പൂജ ആഘോഷം രാഷ്ട്രീയ സന്ദേശം നല്‍കാനുള്ള വേദിയാക്കനും മമത ഇടം കണ്ടെത്തി. പുതുക്കിയ ജിഎസ്ടി പരിഷ്കരണം വഴി സംസ്ഥാന ഖജനാവിന് 20,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മമത ആരോപിച്ചു. നികുതി കുറച്ചത് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായും അവര്‍ പറഞ്ഞു. ഞങ്ങള്‍ കുറഞ്ഞ ജിഎസ്ടി നിരക്ക് ആവശ്യപ്പെട്ടിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശമായിരുന്ന നികുതി കുറയ്ക്കണമെന്നത്. ഇതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മമത ബാനര്‍ജി പ്രതികരിച്ചു.

ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ബിജെപി സര്‍ക്കാരുകള്‍ ദ്രോഹിക്കുക്കയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മമത ബാനര്‍ജി ദുര്‍ഗാ പൂജ പന്തലുകള്‍ ധിക്കാരപൂര്‍വം ഉദ്ഘാടനം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രത്യാക്രമണം നടത്തി. ഇത് അജ്ഞതയല്ല. കരുതിക്കൂട്ടിയുള്ള ദുരുദേശ്യമാണ്. മമത ഹിന്ദുക്കളുടെ ആചാരങ്ങളെ അട്ടിമറിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തൊഴില്ലിലായ്മ രൂക്ഷമായത് കാരണമാണ് തൊഴിലാളികള്‍ അന്യ സംസ്ഥാനകത്തേക്ക് ചേക്കേറന്നതെന്നും അധികാരി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ ദുര്‍ഗാ പൂജയെച്ചാെല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ ഇതിനകം വാക്ക് പോര് രൂക്ഷമാകുകയാണ്.

Exit mobile version