കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ ചമഞ്ഞ് വീട്ടിലെത്തി ഗൃഹനാഥനെ കത്തിമുനയിൽ നിർത്തി കവർച്ചാ ശ്രമം നടത്തിയ കേസിൽ പ്രതികൾക്ക് ഒൻപത് വർഷം തടവും പിഴയും ശിക്ഷ. 2021 ജൂലൈ 17 നാണ് കേസിനാസ്പദമായ സംഭവം. തനിച്ച് താമസിക്കുന്ന പുതുപ്പാടി മൈലാംവയൽ കുമ്പിളുവേലി വീട്ടിൽ ഡി ഡി സിറിയക്കിന്റെ വീട്ടിലെത്തിയാണ് പ്രതികൾ മോഷണ ശ്രമം നടത്തിയത്. കോടഞ്ചേരി തെയ്യപ്പാറ കണ്ണാടിപറമ്പ് ഇബ്രാഹിം, തെയ്യപ്പാറ മേങ്കോട്ടിൽ അരുൺ ജോസഫ് എന്നിവരെയാണ് കോഴിക്കോട് ഒന്നാം അഡീഷണൽ അസി. സെഷൻസ് ജഡ്ജി കെ വി കൃഷ്ണൻകുട്ടി ശിക്ഷിച്ചത്. കോവിഡ് ടെസ്റ്റ് നടത്തുന്നതിന് സാമ്പിൾ എടുക്കാൻ വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തിയ ഇബ്രാഹിം കത്തി കാട്ടി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരൻ കഷ്ടിച്ച് രക്ഷപ്പെട്ട് ബഹളം വെച്ചതോടെ ഇബ്രാഹിം നേരത്തെ ഒരുക്കി നിർത്തിയിരുന്ന അരുൺ ജോസഫിന്റെ ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മണൽവയൽ അങ്ങാടിയിൽ വെച്ച് നാട്ടുകാർ ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം കെ ബിജു റോഷൻ ഹാജരായി.