Site iconSite icon Janayugom Online

ദസറ റാലി: ഷിന്‍ഡെയ്ക്ക് തിരിച്ചടി

uddav thackareuddav thackare

മുംബൈ ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്താന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി. ഹര്‍ജി പരിഗണിക്കരുതെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ആവശ്യം കോടതി തള്ളി.
മുംബൈ പൊലീസ് ഉന്നയിച്ച ക്രമസമാധാന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തിനും ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ താക്കറെ വിഭാഗം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഷിന്‍ഡെ ക്യാമ്പ് ഇടപെടല്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ബിഎംസി ഉത്തരവ് നിയമവ്യവസ്ഥയുടെ വ്യക്തമായ ദുരുപയോഗം ചെയ്യലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിയുടെ മറവിൽ, താക്കറെയുടെ നേതൃത്വത്തിലുള്ളവര്‍ പാർട്ടിയിൽ അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഷിന്‍ഡെ വിഭാഗത്തിന്റെ വാദം. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഉദ്ധവ് വിഭാഗം അറിയിച്ചു. ജുഡീഷ്യറിയിലുള്ള വിശ്വാസം തെളിയിക്കപ്പെട്ടുവെന്നും ഈ വർഷത്തെ റാലി ഗംഭീരമായിരിക്കുമെന്നും പാർട്ടി വക്താവ് മനീഷ കയാൻഡെ പറഞ്ഞു. ബിഎംസിക്ക് സമ്മര്‍ദ്ദമുണ്ടായതിനാലാവും നേരത്തെ അനുമതി നിഷേധിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
1966 മുതല്‍ എല്ലാ വര്‍ഷവും ദസറയ്ക്ക് ശിവസേന റാലി സംഘടിപ്പിക്കാറുണ്ട്. പാര്‍ട്ടി പിളര്‍ന്നതോടെ റാലി നടത്തണമെന്ന ആവശ്യവുമായി ഇരുവിഭാഗവും രംഗത്തെത്തുകയായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റാലി നടത്തിയിരുന്നില്ല. അടുത്ത മാസം അഞ്ചിന് നടക്കുന്ന റാലിയില്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതേസമയം ബന്ദ്ര കുര്‍ള കോപ്ലംക്സ് ഗ്രൗണ്ടില്‍ റാലി സംഘടിപ്പിക്കാന്‍ ഷിന്‍ഡെ വിഭാഗത്തിന് അനുമതിയുണ്ട്. 

Eng­lish Sum­ma­ry: Dussehra ral­ly: Shinde backfired

You may like this video also

YouTube video player
Exit mobile version