Site iconSite icon Janayugom Online

ഗോളില്‍ ഡച്ച്…റിച്ച്; ലിത്വാനിയയെ തോല്പിച്ച് ലോകകപ്പ് ടിക്കറ്റുറപ്പിച്ചു

ലിത്വാനിയയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സ് ഫിഫ 2026 ലോകകപ്പിന് ടിക്കറ്റെടുത്തു. ഏകപക്ഷീയമായ നാല് ഗോള്‍ വിജയമാണ് ഡച്ചുപട സ്വന്തമാക്കിയത്. 16-ാം മിനിറ്റില്‍ ടിജാനി റയിന്‍ഡേഴ്‌സാണ് നെതര്‍ലന്‍ഡ്സിനെ മുന്നിലെത്തിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഡച്ചുസംഘം മുന്നില്‍ നിന്നു. രണ്ടാം പകുതിയിലാണ് ഡച്ചുപട കൂടുതല്‍ ഉണര്‍ന്നു കളിച്ചത്. 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. കിക്കെടുത്ത കോഡി ഗാപ്കോ പന്ത് കൃത്യം ലിത്വാനിയയുടെ വലയിലെത്തിക്കുകയായിരുന്നു. 60-ാം മിനിറ്റില്‍ സാവി സിമോണ്‍സ് മൂന്നാം ഗോള്‍ അക്കൗണ്ടിലെത്തിച്ചു. ഈ ഗോള്‍ വീണ് രണ്ട് മിനിറ്റായപ്പോഴേക്കും ഡോണിയെല്‍ മാലന്‍ നാലാം ഗോള്‍ അക്കൗണ്ടിലെത്തിച്ച് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പ് ജിയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റോടെയാണ് നെതര്‍ലന്‍ഡ്സ് ഒന്നാമതെത്തിയത്. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാള്‍ട്ടയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ട് പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തില്‍ 32-ാം മിനിറ്റില്‍ ബാഴ്സലോണ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലൂടെ പോളണ്ട് മുന്നിലെത്തി. പവെല്‍ സോലെക്, പിയോട്ടര്‍ സെലന്‍സ്കി എന്നിവരാണ് പോളണ്ടിന്റെ മറ്റു സ്കോറര്‍മാര്‍. മാള്‍ട്ടയ്ക്കായി ഐര്‍വിന്‍ കാര്‍ഡോണ, ടെഡി ടെവുമ എന്നിവരാണ് ഗോളുകള്‍ നേടിയത്. പോളണ്ടിന് ഇനി പ്ലേ ഓഫ് കളിച്ച് ലോകകപ്പ് യോഗ്യത നേടാന്‍ അവസരമുണ്ട്.

Exit mobile version