ബംഗളൂരു നഗരത്തിൽ ഡച്ച് വ്ലോഗർക്ക് നേരെ ആക്രമണം. വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വ്ലോഗർ പെഡ്രോ മോട്ടയ്ക്ക് നേരെ ചിക്പേട്ട് ബസാറിൽ വച്ച് ഒരാൾ അസഭ്യം പറയുകയും ആക്രമണം നടത്തുകയും ചെയ്തത്. സംഭവത്തിൽ ഹയാത്ത് ഷെരീഫ് എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബസാറിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു പെഡ്രോ മോട്ട. അതിനിടെ ബസാറിലെ കച്ചവടക്കാരനായ ഒരാൾ പെഡ്രോയുടെ കൈ പിടിച്ചുതിരിക്കുന്നതും കാമറ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണത്തിൽനിന്ന് വ്ലോഗർ ഓടി രക്ഷപ്പെടുകയായിരുന്നു. അറ്റാക്ക്ഡ് അറ്റ് ദി തീവ്സ് മാർക്കറ്റ് ഇൻ ഇന്ത്യ എന്ന തലക്കെട്ടിലുള്ള വീഡിയോയിൽ, ഒരു കടയുടമ മോട്ടയുടെ കയ്യിൽ ആക്രമണാത്മകമായി പിടിക്കുന്നത് കാണാം, തന്നെ വെറുതെ വിടാൻ മോട്ട അപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, ഇപ്പോൾ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ബി ദയാനന്ദ പറഞ്ഞു. സംഭവത്തിൽ പ്രതിയ്ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മിഷണർ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ വിദേശ പൗരന്മാർ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല. ഡിസംബറിൽ, ഒരു ദക്ഷിണ കൊറിയൻ വ്ലോഗറായ സ്ത്രീയ്ക്ക് മുംബൈയിലെ തെരുവില്‍വച്ച് ഇത്തരത്തിലൊരു ആക്രമണം നേരിടേണ്ടി വന്നത് വാര്‍ത്തയായിരുന്നു.
English Summary: Dutch vlogger physically assaulted and harassed in Bengaluru
You may also like this video