Site iconSite icon Janayugom Online

പോക്സോ നിയമത്തിലെ ലൈംഗികബന്ധ പ്രായം; ആശങ്ക പരിഹരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പോക്സോ നിയമത്തില്‍ ലൈംഗികബന്ധത്തിനുള്ള സമ്മത പ്രായത്തില്‍ വര്‍ധിച്ചുവരുന്ന ആശങ്ക പരിഹരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ വിഷയം പല കേസുകളിലും ജഡ്ജിമാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോക്സോ നിയമ പ്രകാരം ഇന്ത്യയില്‍ ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്ന പ്രായം 18 ആണ്. 18 വയസിന് താഴെയുള്ള ഒരാളുടെ സമ്മതപ്രകാരം പരസ്പരം ബന്ധപ്പെട്ടാലും അത് ബലാ ത്സംഗമായാണ് കണക്കാക്കുന്നത്.

പ്രണയവും ഉഭയസമ്മതവും പരിഗണിക്കാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക ബന്ധങ്ങള്‍ പോക്സോ നിയമം കുറ്റകരമാക്കുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജുവനൈല്‍ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പോക്‌സോ നിയമത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കാനും പാര്‍ലമെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര വനിതാ ശിശു വികസനമന്ത്രി സ്മൃതി ഇറാനി വേദിയിലുണ്ടായിരുന്നു.

സാമൂഹിക അവഹേളനം മൂലമാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതെന്നും ജസ്റ്റിസ് പറഞ്ഞു. പെൺകുട്ടി മാത്രമേ ലൈംഗികമായി പീഡിപ്പിക്കപ്പെടൂ എന്ന സ്റ്റീരിയോടൈപ്പ് ചിന്താഗതിയാണ് നമ്മുടെ സമൂഹത്തിനുള്ളത്. കുറ്റവാളി എപ്പോഴും അപരിചിതനായിരിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണവും കുറവല്ലെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കേസുകളില്‍ പലപ്പോഴും കുറ്റവാളികളാകുന്നത് ബന്ധുക്കള്‍ തന്നെയാണ്. കുറ്റവാളി കുടുംബാംഗമായാല്‍പ്പോലും പീ ഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ രക്ഷിതാക്കളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : DY Chan­dra­chud said Par­lia­ment must con­sid­er grow­ing con­cerns regard­ing the age of con­sent under the POCSO Act
You may also like this video

Exit mobile version