ഹമാസിന്റെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ആശങ്ക പ്രകടപ്പിച്ച് മുന്‍ നേതാക്കള്‍. ഇസ്രയേല്‍ രൂപീകരിച്ചതിന് ശേഷം ഇന്നുവരെ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രഹരമാണ് ഹമാസിന്റെ ആക്രമണമെന്ന് മുന്‍ പ്രധാനമന്ത്രി എഹുദ് ബരാക് വിശേഷിപ്പിച്ചു. വിനാശകരമായ ഈ സംഭവത്തിനു ശേഷവും നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനാണെന്ന് കരുതുന്നില്ലെന്നും ബരാക് പറഞ്ഞു.
നെതന്യാഹു രാജിവയ്ക്കണമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ഡാൻ ഹാലുട്ട്സ് ആവശ്യപ്പെട്ടു. ചീഫ് ഓഫ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള പ്രതിരോധ മേധാവികള്‍ സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയും അത് പിന്തുടരുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനരഹിതമായ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നായിരുന്നു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.
ജുഡീഷ്യല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള നെതന്യാഹുവിന്റെ ശ്രമം വന്‍ പൊതുജന പ്രതിഷേധത്തിന് വഴിവച്ചിരുന്നു. വഞ്ചന, പൊതുജനവിശ്വാസം ലംഘിക്കല്‍, കെെക്കൂലി തുടങ്ങിയ നിരവധി ആരോപണങ്ങളും നെതന്യാഹുവിനെതിരെയുണ്ട്. ഈ സാഹചര്യത്തിലാണ് ഹമാസ് ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയത്. ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് , സൈനിക മേധാവി ഹെർസി ഹലേവി ഉൾപ്പെടെയുള്ള പ്രതിരോധ മേധാവികൾ, ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവനായ റോണൻ ബാർ എന്നിവരെല്ലാം സര്‍ക്കാരിന്റെ പരാജയം അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുക്കണമെന്ന് 80 ശതമാനം ഇസ്രയേലികളും അഭിപ്രായപ്പെടുന്നതായി അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഈ മാസം ആദ്യം നടന്ന പ്രത്യേക വോട്ടെടുപ്പിൽ, 56 ശതമാനം പേർ യുദ്ധം അവസാനിച്ചതിന് ശേഷം നെതന്യാഹു രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
English Summary:dysfunctional government; Former leaders against Netanyahu
You may also like this video