Site iconSite icon Janayugom Online

ഹാക്ക് ചെയ്ത വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇ ചെലാന്‍ തട്ടിപ്പ്

ഹാക്ക് ചെയ്ത വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പ് നടക്കുന്നത്. നിയമലംഘനത്തിനുള്ള ഇ ചെലാനെന്ന പേരിൽ വാട്സ്ആപ്പിലൂടെ ഒരു ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (എപികെ) ഫയൽ അയച്ചുകൊണ്ടാണ് തട്ടിപ്പ് സംഘം ഫോണുകളുടെ വിവരങ്ങൾ ചോർത്തുന്നത്. ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് പാലിക്കാതെ വാഹനം ഓടിച്ചുപോയി, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിച്ചില്ല എന്നൊക്കെ പറഞ്ഞാണ് തട്ടിപ്പ്. പിഴ അടക്കാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ ഫയലിൽ ക്ലിക്ക് ചെയ്താൽ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന ആപ്പ് ഡൗൺലോഡാവും. 

ഇൻസ്റ്റാൾ ചെയ്യപ്പെടുമ്പോൾ കോൺടാക്ട്, ഫോൺ കോൾ, എസ്എംഎസ് സന്ദേശങ്ങൾ എന്നിവ ആക്സസ് ചെയ്യാനുള്ള അനുമതി ചോദിക്കുകയും ഇത് നൽകിക്കഴിഞ്ഞാൽ ഫോണിലെ പ്രധാന വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കുകയും ചെയ്യും. ഇത്തരത്തിൽ ഹാക്ക് ചെയ്ത ഫോണുകളിൽ നിന്ന് കോൺടാക്ട് ലിസ്റ്റിലുള്ള മറ്റു നമ്പരുകളിലേക്കും ഇതേ സന്ദേശം അയക്കപ്പെടും. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഇത്തരത്തിൽ പണം തട്ടിയതായും വിവരമുണ്ട്. ഇത്തരത്തിൽ വന്ന സന്ദേശം അറിയാതെ തുറന്നുപോയതോടെ തന്റെ വാട്സ് ആപ്പ് നമ്പറിൽ നിന്ന് പലരിലേക്കും സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടതായി തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി പറഞ്ഞു. 

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്മെന്റുകൾ ഡൗൺ ലോഡ് ചെയ്യാനോ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എം പരിവാഹന് ആപ്ലിക്കേഷൻ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാള്‍ ചെയ്യാനാകുകയുള്ളുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആരുടെയെങ്കിലും വാട്സ്ആപ്പിൽ നിന്ന് വരുന്ന ആപ്ലിക്കേഷൻ ഫയൽ ക്ലിക്ക് ചെയ്യരുത്. ഇ ചെലാൻ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. പിഴ അടക്കാനുള്ള സന്ദേശം ലഭിച്ചാൽ അത് ഔദ്യോഗിക വെബ് സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. 

Exit mobile version