പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ ഗ്രാന്റ്സ് അപേക്ഷകളിൽ ജനുവരി 29 വരെയുള്ള ഒരു സ്കോളർഷിപ്പുകൾ പൂർണമായും വിതരണം ചെയ്തതായി മന്ത്രി ഒ ആർ കേളു. സാധുവായ അപേക്ഷകളിലെല്ലാം കൂടുതൽ വേഗത്തിൽ തുക വിതരണം ചെയ്യാനായെന്നും മന്ത്രി വ്യക്തമാക്കി. പട്ടികവിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാൻ ചിലർ നടത്തുന്ന പ്രചാരവേലകളുടെ ഭാഗമാണ് ഇ ഗ്രാന്റ്സ് കുടിശികയെന്ന ആക്ഷേപമെന്നും മന്ത്രി പറഞ്ഞു. വസ്തുതകൾ മനസിലാക്കി ഇത്തരം ആക്ഷേപങ്ങൾ തള്ളിക്കളയണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. 2025–26 സാമ്പത്തിക വർഷത്തിൽ ബജറ്റ് വിഹിതത്തിനു പുറമെ അധിക സഹായവും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. 324.22 കോടി രൂപ സംസ്ഥാന സർക്കാർ വിതരണം ചെയ്തു. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ സംസ്ഥാന വിഹിതമായ 83 കോടി രൂപയും ചേർത്ത് 407.22 കോടി രൂപയാണ് പട്ടികജാതി വിദ്യാർത്ഥികൾക്കായി വിവിധ സ്കോളർഷിപ്പ് ഇനങ്ങളിൽ വിതരണം ചെയ്തത്. നടപ്പ് അധ്യയന വർഷത്തെ സ്കോളർഷിപ്പ് അപേക്ഷകൾ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഈ അപേക്ഷകളും സാധുവാകുന്ന മുറയ്ക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും.
പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പട്ടിക വിഭാഗം വിദ്യാർത്ഥികൾക്കും പരമാവധി സൗകര്യങ്ങൾ നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണത്തെ ബജറ്റിലും പട്ടികജാതി വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസ സഹായത്തിനായി 242 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിനായി 370 കോടിയും എം ആർ എസുകൾക്ക് 22 കോടിയും ഐടി ഐകൾക്ക് 15 കോടിയും വകയിരുത്തി. പട്ടികവർഗ വിദ്യാർത്ഥികൾക്കായി വിവിധ ഇനങ്ങളിൽ 219 കോടി രൂപയും ചേർത്ത് ആകെ 868 കോടി രൂപയാണ് വരുന്ന അധ്യയന വർഷം സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഒന്നു മുതൽ എട്ട് വരെ പഠിക്കുന്ന കുട്ടികളുടെ പ്രീ മെട്രിക് സ്കോളർഷിപ്പിലും രണ്ടര ലക്ഷത്തിനുമേൽ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിലും കേന്ദ്ര സർക്കാർ ഒരു പൈസ പോലും നൽകുന്നില്ല. ഇവർക്കുള്ള തുക മുഴുവനും സംസ്ഥാനമാണ് വഹിക്കുന്നത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുളള കേന്ദ്ര പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിൽ 40% വഹിക്കുന്നതും സംസ്ഥാന സർക്കാരാണ്.
പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥകൾ പരിഹരിക്കാൻ സർക്കാർ ഏറ്റവും ഫലപ്രദമായി ഇടപെടുന്നത് വിദ്യാഭ്യാസ പദ്ധതികളിലൂടെയാണ്. ഈ ബജറ്റിലെ വകയിരുത്തലുകളും ആ ലക്ഷ്യത്തിന് കരുത്ത് പകരും. എന്നാൽ പട്ടികവിഭാഗക്കാർക്ക് വിദ്യാഭ്യാസ പുരോഗതിയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയ താല്പര്യങ്ങളാണ് വ്യാജ പ്രചാരണങ്ങൾക്കും വാർത്തകൾക്കും പിന്നിലെന്നും മന്ത്രി ഒ ആർ കേളു കൂട്ടിച്ചേർത്തു.

